Friday, June 13, 2008

ഒരു ബ്ലോഗിന്റെ തുടക്കം.

എനിക്കറിയില്ല എന്തിനെന്ന് . എന്നാലും തുടങ്ങി ഞാനും. ചേറ്റുവയിലെ എന്റെ കൂട്ടുകാരുമായി അല്ലെങ്കില്‍ എന്റെ നാട്ടുകാരുമായി ഒരല്‍പ്പനേരം, ഒരുമിച്ച്, നോക്കെത്താ ദൂരത്തിരുന്ന്‍ ഒന്നു സല്ലപിക്കാം. ചേറ്റുവ പുഴയിലെ കൊച്ചോളങ്ങളുടെ മഞ്ജീര ശിഞ്ജിതം പോലെ അല്ലെങ്കില്‍ അവിടങ്ങളില്‍ പാറിപ്പറന്നു നടക്കുന്ന പക്ഷിക്കൂട്ടങ്ങളുടെ നൂപുര ക്വാണം പോലെ എനിക്ക് ശ്രവിക്കാം നിങ്ങളുടെ സ്നേഹ ചിണുക്കങ്ങള്‍, ആനന്ദ പരിഭവങ്ങള്‍. എല്ലാത്തിനുമുപരിയായുള്ള നമ്മുടെ സൗഹൃദ സന്തോഷങ്ങളുടെ നേര്‍ത്ത കരഘോഷങ്ങള്‍.

തകര്‍ന്നു വീഴുന്ന ഭിത്തി പോലെയാണ് എന്റെ ഓര്‍മ്മകള്‍. പഴക്കം വന്നിരിക്കുന്നു. വിള്ളലും വരകളും ഉണ്ടായിരിക്കുന്നു. അവശിഷ്ടങ്ങള്‍ ക്രമം തെറ്റി നിര്‍ഗളിക്കുന്നു. എന്നാലും ഞാന്‍ അവയെല്ലാം പെറുക്കിയെടുക്കാം. എല്ലാം ചേര്‍ത്തുവെച്ചു ഒരു ക്രമ ഭംഗി സൃഷ്ടിക്കാന്‍ ശ്രമിക്കാം. അവയിലെ നെല്ലും പതിരും വേര്‍തിരിച്ചു ഞാന്‍ ഈ ബ്ലോഗില്‍ പങ്കുവെയ്ക്കാം.

എന്റെ ശരി എന്റെ ശരിയും നിങ്ങളുടെത് നിങ്ങളുടെ ശരിയും എന്ന പഴഞ്ചന്‍ വാദത്തിന് പ്രസക്തിയില്ല.മറിച്ച് സത്യസന്ധമായി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണ തൃഷ്ണ മനുഷ്യ സഹജമാണ്.നമുക്ക് അന്വേഷിക്കാം.ലോകത്തിന്റെ ഏതറ്റം വരെ പോകാനും ഇപ്പോള്‍ നമുക്ക് നമ്മുടെ വിരല്‍ത്തുമ്പിലൂടെ സാധ്യമെന്നിരിക്കെ,മസ്തിഷ്ക്ക പ്രക്ഷാളനം കൂടാതെ ദൈവം തമ്പുരാന്‍ തന്ന അറിയുവാനുള്ള ത്വരയെ ഊതിക്കാച്ചിയ പൊന്നാക്കി ഈ ബൂലോകം ചുറ്റാം.എന്റെ കൂടെ കൂടുന്നോ?യോജിക്കാം വിയോജിക്കാം .പ്രോത്സാഹിപ്പിക്കാം നിരുത്സാഹപ്പെടുത്താം.വിമര്‍ശനങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങുവാന്‍ ഞാന്‍ തയ്യാര്‍.