Monday, September 7, 2009

എന്താണ് ജിഹാദ് ? എന്തല്ല ജിഹാദ് .

ഇന്ന് റമദാന്‍ 17 . ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും ഏറെ പ്രാധാന്യത്തോടെ ഒപ്പം ഒരു ആവേശത്തോടെ കാണുന്ന ദിവസം. 1428 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് വിശ്വാസവും അവിശ്വാസവും വേര്‍തിരിഞ്ഞ ദിവസം. ദൈവം തമ്പുരാന്റെ സഹായ വാഗ്ദാനം വിശ്വാസികള്‍ക്ക് നിറവേറിയ ദിവസം.അതെ ബദര്‍ യുദ്ധത്തിന്റെ വാര്‍ഷികമാണിന്ന്. ഏതൊരു മുസ്‌ലിമിന്റെയും സായുധ ജിഹാദിന് ഈ ദിവസം ഒരു ആവേശമുള്ള സ്മരണ തന്നെയാണ്. ബദറില്‍ വീര രക്തസാക്ഷികളായ ആ മഹാന്മാരുടെ ജീവിതവും മരണവും മാതൃക തന്നെയാണ്. അവരെപ്പോലെ രക്തസാക്ഷിയാവാന്‍ മുസ്‌ലിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്താനും. അത്തരത്തിലുള്ള ഒരു ജിഹാദിന് വേണ്ടി ഓരോ മുസ്‌ലിമും കൊതിക്കുന്നു.കാരണം അത്രയ്ക്കും പുണ്യമാണ് ഇസ്‌ലാമിലെ ജിഹാദ്.

എന്നാല്‍ ഇസ്‌ലാമിലെ പുണ്യമാക്കപ്പെട്ട ആരാധനയായ ഈ ജിഹാദ് എന്ന വാക്കിന്റെ പുറത്തു കയറിയിരുന്ന് ഒരു ചെറിയ പാമരകൂട്ടം തായം കളിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു;ഒപ്പം ഒരമര്‍ഷവും. അതുകൊണ്ട് തന്നെ എന്റെ പരിമിതമായ അറിവിന്റെ അകത്തു നിന്ന് കൊണ്ട് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ എന്താണ് ജിഹാദെന്നും എന്തല്ല ജിഹാദെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സ്വാഭാവികമായും എന്റെ മാതാപിതാക്കള്‍ , ഗുരുനാഥന്മാര്‍, സുഹൃത്തുക്കള്‍,ജീവിത സാഹചര്യം പിന്നെ എന്റെ വായന,എന്റെ ചിന്ത ഇവയൊക്കെ തന്നെയാണ് ഞാന്‍ എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ടാവുക.ഞാന്‍ ഒരു സമ്പൂര്‍ണ ശരിയെന്നു അവകാശപ്പെടുന്നില്ല.പക്ഷെ നൂറ് ശതമാനം തെറ്റല്ല എന്ന ഉത്തമ ബോധ്യമുണ്ട്.


സത്യത്തില്‍ എന്താണ് ജിഹാദ്? ഒരു പാട് മാധ്യമങ്ങള്‍ പോസ്റ്മോര്‍ട്ടം നടത്തിയ ആ അറബി വാക്കിനു ഇസ്‌ലാമില്‍ എന്താണ് പ്രത്യേകത ? ദൈവം തമ്പുരാന്റെ മാര്‍ഗ്ഗത്തില്‍ ഒരു വ്യക്തി ചെയ്യുന്ന സാമ്പത്തീകമോ ശാരീരികമോ ആയ എല്ലാ പരിശ്രമങ്ങളേയും ചുരുക്കത്തില്‍ നമുക്ക് ജിഹാദ് എന്ന് വിളിക്കാം.നൂറ് ശതമാനവും പുണ്യമുള്ള ഒരു പ്രവര്‍ത്തിയാണിത്. ഈ ശ്രമങ്ങളില്‍ ആയുധമെടുത്തുള്ള പോരാട്ടത്തെയാണ്‌ നമ്മുടെ സഹോദരങ്ങള്‍ തെറ്റിധരിച്ചിരിക്കുന്നത്‌ അല്ലെങ്കില്‍ മനപ്പൂര്‍വം തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്ലിങ്ങള്‍ക്ക്‌ ഒരുപാട് ദുരിതങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഈ മര്‍ദ്ദിതരുടെ അനുഭവം ഇസ്‌ലാമില്‍ എന്ത് കാഴ്ച്ചപ്പാടാണ് ഉണ്ടാക്കുന്നത്‌. മര്‍ദനം ഏറ്റു വാങ്ങിയവരുടെ പ്രതികരണങ്ങള്‍ ഖുര്‍ആനില്‍ മൂന്നു തരത്തിലാണ് കാണുന്നത്.
* ക്ഷമ:-
മൂസ (അ) തന്റെ ജനതയോട് ക്ഷമിക്കാന്‍ പറഞ്ഞത് , യാസിര്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥയില്‍ ,സുമയ്യ (റ) കൊല്ലപ്പെട്ടിട്ട് കൂടി ആ നാട്ടില്‍ ജീവിച്ചിരുന്ന ഒരു യുവാവായിരുന്ന റസൂല്‍(സ) ക്ഷമിക്കാന്‍ ആഹ്വാനം ചെയ്തതും മറ്റും ഓര്‍ക്കുക.
* പലായനം:-
മൂസ(അ)യും ഇബ്രാഹീം(അ)യും അവസാനം പലായനം ചെയ്തതും റസൂല്‍(സ)യുടെ ഹിജറയും.
* തിരിച്ചടി:-
ബദര്‍ യുദ്ധം പോലെയുള്ള ഒരു പാട് സംഭവങ്ങള്‍


നമ്മള്‍ ഇവിടെ ചെയ്യേണ്ടത് റസൂല്‍(സ)യുടെ ഈ മൂന്ന് ഘട്ടങ്ങളും നമ്മുടെ ജീവിതത്തില്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ്.ചിലപ്പോള്‍ നമ്മുടെ ചില ആളുകളുടെ അവസ്ഥ റസൂല്‍(സ)യുടെ ആദ്യ കാലത്തിനു സമമാവും.ചിലയാളുകള്‍ പലായനത്തിന്റെ വാക്കിലാവും.മറ്റു ചിലര്‍ തിരിച്ചടിയിലും. നബി(സ)യുടെ 23 കൊല്ലത്തെ ജീവിതം ലോകത്തുള്ള പലയാളുകള്‍ക്കും ഇങ്ങിനെ ഘട്ടം ഘട്ടമായി മാറികൊണ്ടിരിക്കും.നമ്മുടെ അവസ്ഥ ഏതെന്ന് നമ്മള്‍ പരിശോധിക്കണം.ക്ഷമയുടെ അവസ്ഥയാണോ എങ്കില്‍ ക്ഷമിക്കണം.പലായനമാണെങ്കില്‍ പലായനം.അതല്ല തിരിച്ചടിയാണെങ്കില്‍ തിരിച്ചടിക്കുക.ഭാരതീയരായ നമ്മള്‍ക്ക് ഇതില്‍ ഏതവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് സ്വയം ചിന്തിക്കുക.ക്ഷമയും പലായനവും കഴിഞ്ഞു ഇനി തിരിച്ചടിക്കല്‍ മാത്രമാണ് ഏക ലക്ഷ്യം എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്റെ നാട്ടില്‍ ഉയരുന്നു എന്ന ഭീതിയാണ് എന്റെ ഈ വിഷയത്തിന് ആധാരം.അവര്‍ക്ക് ഇസ്‌ലാം മതം എന്തെന്നും മനസ്സിലായിട്ടില്ല ജിഹാദ് എന്താണെന്ന് അറിഞ്ഞിട്ടുമില്ല.

ഇനി നിങ്ങള്‍ നോക്കൂ. വ്യഭിചാരികള്‍ക്കുള്ള ശിക്ഷ ഖുര്‍ആനിലും ഹദീസിലുമായി മൂന്ന് തരത്തിലാണ് കാണുന്നത്.

@ വ്യഭിച്ചരിച്ചവരെ വീട് തടങ്കലിലാക്കുക. (സൂറത്ത് നിസാ)

@ അവിവാഹിതിതരാണെങ്കില്‍ 100 അടി അടിക്കുക. (സൂറത്ത് നൂര്‍)

@ വിവാഹിതിതരാണെങ്കില്‍ എറിഞ്ഞു കൊല്ലുക.(ഹദീസ്‌)


എന്താണിങ്ങനെ മൂന്ന് കല്‍പ്പനകള്‍. വ്യഭിചാരികളെ എറിയാനോ അടിക്കുവാനോ ഉള്ള അധികാരമോ അവസ്ഥയോ ഉണ്ടെങ്കില്‍ അതല്ല ഇസ്‌ലാമിക ശരീഅത്ത്‌ നിലനില്‍ക്കുന്ന രാജ്യത്തോ അങ്ങിനെ ചെയ്യാം.നമ്മുടെ ഇന്ത്യയില്‍ ഇത്തരക്കാരെ അടിക്കുവാനോ എറിഞ്ഞു കൊല്ലാനോ നമുക്ക് അധികാരമില്ല. മറിച്ച് 'സൂറത്ത് നിസാ'ഇല്‍ പറഞ്ഞത് പോലെ വീട്ടു തടങ്കലില്‍ വെയ്ക്കാം. ഇന്ത്യക്കാരായ നമുക്ക് കരണീയം അവരെ നമ്മള്‍ നമ്മുടെ വീട്ടില്‍ നിന്ന് പുറത്തു പോവാത്ത രീതിയില്‍ തടഞ്ഞു വെക്കുകയാണ്. ഇങ്ങിനെ ഓരോ അവസ്ഥയും നമ്മള്‍ തെരഞ്ഞെടുക്കണം. ജിഹാദിന്റെ കാര്യവും ഇങ്ങിനെ തന്നെയാണ്. പ്രവാചകനില്‍(സ) നമുക്ക് ഉത്തമ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞത് അതുകൊണ്ടാണ്.

ഇനി മറ്റൊരു വീക്ഷണം നോക്കൂ. ഖുര്‍ആനില്‍ ജിഹാദ് എന്ന പദവും ഖിത്താല്‍(യുദ്ധം) എന്ന പദവും ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ആദ്യം ജിഹാദെന്ന പദവും ശേഷമാണ് ഖിത്താല്‍ അഥവാ യുദ്ധം എന്ന പദവും ഉപയോഗിച്ചത്. മക്കയില്‍ വെച്ച് ഇറങ്ങിയ സൂറത്ത്‌ ആണല്ലോ "ഫുര്‍ഖാന്‍". ഹിജറക്ക് മുന്‍പാണ് ഇതവതരിച്ചത്.അതില്‍ "ഇത് കൊണ്ട് (ഖുര്‍ആന്‍) നീ അവരുമായി വലിയ ഒരു ജിഹാദ് നടത്തികൊള്ളുക."എന്ന് പറയുന്നുണ്ട് . അള്ളാഹു പറഞ്ഞത് ഒന്ന് പോലും തെറ്റാതെ അനുസരിക്കുന്ന പ്രവാചകന്‍(സ) യോടാണ് ഈ കല്‍പ്പന. മക്കയില്‍ വെച്ച് അഥവാ ഹിജറക്ക് മുന്‍പ് എന്ത് ജിഹാദ് ആണ് പ്രവാചകന്‍(സ) നടത്തിയത് എന്ന് ഒന്ന് പറഞ്ഞു തരുമോ എനിക്ക്. പടച്ചവന്‍ റസൂല്‍(സ)യോട് ജിഹാദ് ചെയ്യുക എന്ന ഒരു കല്‍പ്പന പറഞ്ഞിട്ട് അത് അദ്ദേഹം അനുസരിച്ചില്ല എന്ന് നിങ്ങള്‍ കരുതുന്നുവോ.അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. ഇവിടെ റസൂല്‍(സ) അള്ളാഹു പറഞ്ഞത് പ്രകാരം ജിഹാദ് ചെയ്തു;വാളുകൊണ്ടല്ല ആദര്‍ശം കൊണ്ട്.മക്കയിലെ ജിഹാദ് ഖിത്താലല്ല(യുദ്ധം) മറിച്ച് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ബഹുദൈവാരാധനക്കെതിരെയെല്ലാമുള്ള ഒരു ആദര്‍ശ ജിഹാദ്.

ഇതെപോലെതന്നെയാണ് കപട വിശ്വാസികള്‍ക്കെതിരെയുള്ള ജിഹാദും. ഖുര്‍ആനില്‍ പറയുന്നുണ്ട് "നീ അവിശ്വാസികളോടും കപട വിശ്വാസികളോടും ജിഹാദ് ചെയ്യുക"എന്ന്. കല്‍പ്പന കിട്ടിയ റസൂല്‍(സ) അവിശ്വാസികള്‍ക്കെതിരെ ആയുധമെടുത്തു തന്നെ യുദ്ധം ചെയ്തിട്ടുണ്ട്.പക്ഷെ കപട വിശ്വാസികള്‍ക്കെതിരെ മക്കത്തോ മദീനത്തോ വെച്ച് എന്തെങ്കിലും യുദ്ധം നടത്തിയിട്ടുണ്ടോ? ഒരിക്കലുമില്ല. പക്ഷെ ജിഹാദ് നടത്തിയിട്ടുണ്ട്. രണ്ടു പേരോടും കല്‍പ്പന ഒന്ന് തന്നെ പക്ഷെ അവിശ്വാസികളോട് ആയുധമെടുത്തുള്ള ജിഹാദും കപട വിശ്വാസികളോട് ആദര്‍ശത്തിന്റെ ജിഹാദും ചെയ്തു എന്ന് മാത്രം.

ഏറ്റവും ശ്രേഷ്ടമായ ജിഹാദ് ഏതെന്ന് റസൂല്‍ (സ) പറയുന്നുണ്ട്. അക്രമിയായ ഒരു ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണത്. ഇതിന് കുറച്ചു ധൈര്യം മാത്രം പോര. നല്ല തന്റേടവും കരളുറപ്പും വേണം. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ ഒരാളെ വെട്ടാനും ആരും കാണാതെ ബസ്‌ സ്റ്റാന്റിലോ മാര്‍ക്കറ്റിലോ പോയി ഒരു ബോംബ് വെയ്ക്കാനും തീരെ ധൈര്യം വേണ്ട. ഏത് ഭീരുവിനും സാധിക്കുമത്. അതത്ര വലിയ ഒരു ആനക്കാര്യം ഒന്നുമല്ല. ഇനിയതല്ല ദൈവ പ്രീതിക്ക് വേണ്ടി ഒരു ജിഹാദായിട്ടാണ് ഇത് നടത്തിയതെങ്കില്‍ ധൈര്യത്തോട്‌ കൂടി ഏറ്റു പറയണം. അല്ലാതെ ഒരു സമുദായത്തിന് മുഴുവന്‍ മോശപ്പേര് ഉണ്ടാക്കി വെച്ച് തന്റെ ഉമ്മ പെങ്ങമ്മാരെ പോലീസിനും നാട്ടുകാര്‍ക്കും ഞരങ്ങാന്‍ വിട്ടുകൊടുത്തു കൊണ്ട് മുങ്ങലല്ല. ചെയ്തത് ശരിയെങ്കില്‍ അതും സ്വര്‍ഗ്ഗത്തിന് വേണ്ടിയാണെങ്കില്‍ എന്തിന് പേടിച്ചോടണം.

ആയുധമെടുത്തു കൊണ്ടുള്ള ജിഹാദിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണോ? ആലോചിക്കേണ്ടതുണ്ട്. അങ്ങിനെയുണ്ടെങ്കില്‍ നമ്മള്‍ കുറ്റകാരാവും. നമസ്ക്കരിച്ചത് കൊണ്ടും നോമ്പ് എടുത്തതുകൊണ്ടും മാത്രം രക്ഷപ്പെടില്ല. യുദ്ധത്തിന്റെ സമയത്ത് യുദ്ധം ചെയ്യാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥരാണ്. എപ്പോഴാണ് ഒരു പ്രദേശത്തെ മുസ്‌ലിങ്ങള്‍ സായുധരായി സംഘടിക്കാനും ആയുധമെടുത്ത് യുദ്ധം ചെയ്യാനും തയ്യാറാവേണ്ടത്. ഖുര്‍ആനിന്റേയും ഹദീസിന്റെയും വെളിച്ചത്തില്‍ പഠിക്കേണ്ട ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങളാണ്.

@ മുസ്‌ലിം-ശത്രു അനുപാതം കൃത്യമാവണം.

"നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ക്ഷമാശീലരായ ഇരുപതുപേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാം.നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്." (സൂറത്ത് അന്‍ഫാല്‍)അതായത് ശത്രു നമ്മുടെ പത്ത് ഇരട്ടിയുണ്ടെങ്കിലും യുദ്ധം ചെയ്യേണ്ടതായി വരും. അങ്ങിനത്തെ സാഹചര്യം ഉണ്ടാവും എന്നാല്‍ അടുത്ത വരിയില്‍ തന്നെ പടച്ചവന്‍ നമുക്ക് ലഖൂകരണം നല്‍കുന്നുണ്ട്. സംഘടിത ശക്തിയുടെ ദൗര്‍ബല്യം അല്ലെങ്കില്‍ വിശ്വാസത്തിന്റെ കുറവ് മൂലം നമുക്കതിന് സാധിക്കില്ല. അതുകൊണ്ട് തന്നെ നമ്മുടെ ബലഹീനത കണക്കിലെടുത്ത് ഈ അനുപാതം പടച്ചവന്‍ കുറച്ച് കൊണ്ട് വന്നു. ഒന്നിന് പത്ത് എന്നത് ഒന്നിന് രണ്ട് ആക്കി കുറച്ച് . ചുരുക്കി പറഞ്ഞാല്‍ ശത്രുക്കളുടെ പകുതിയെങ്കിലും മുസ്‌ലിങ്ങള്‍ ഉണ്ടാകണം എന്നര്‍ത്ഥം. ഇങ്ങിനെയുണ്ടെങ്കില്‍ നമുക്ക് യുദ്ധം ചെയ്യാം. ഇതില്‍ കുറവ് അതായത് ഒന്നേ അനുപാതം രണ്ട് എന്ന കണക്കിന് മുസ്‌ലിങ്ങള്‍ ഇല്ലെങ്കില്‍ സായുധ ജിഹാദ് ചെയ്യേണ്ടതില്ല എന്ന് പടച്ചവന്‍ അറിയിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുക. ഇന്ത്യയിലെ മുസ്‌ലിങ്ങളും മറ്റിതരും നമ്മിലുള്ള അനുപാതം ഈ ജിഹാദ് എന്ന പേരും പറഞ്ഞു ആളുകളെ കൊല്ലാന്‍ പോകുന്നവര്‍ ഒന്ന് നോക്കേണ്ടതാണ് . കാരണം വചനം അല്ലാഹുവിന്റെതാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഫുജിയുടെയും പനാമയുടേയും ചരിത്രം ഒന്ന് പഠിച്ചുനോക്കേണ്ടതാണ് ഈ കൂട്ടര്‍. ആദ്യകാലത്ത് തന്നെ ഒരേ സമയത്ത് ഇസ്‌ലാം കടന്നു വന്ന രണ്ട് രാജ്യങ്ങളാണിവ.പനാമയില്‍ ആരൊക്കെയോ ജിഹാദിനെ കുറിച്ച് ഇവരോട് തെറ്റായി പറഞ്ഞു പറ്റിച്ചിട്ട് അവിടുത്തെ ഭൂരിപക്ഷം ജനതക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചു. ഫലമോ ആ നാട്ടില്‍ നിന്ന് ഇസ്‌ലാം നാമാവശേഷമായി. എന്നാല്‍ ഫുജിയില്‍ നേരെ മറിച്ചായിരുന്നു.പക്വമതികളായ മത പണ്ഡിതരുടെ ഉപദേശം സ്വീകരിച്ച ആ നാട്ടുകാര്‍ ക്ഷമയോടെ ജീവിച്ചു. ഇന്ന് ഫുജിയിലെ നിര്‍ണായക ശക്തിയാണ് മുസ്‌ലിങ്ങള്‍

@ ശത്രുവാരെന്നു നിജപ്പെടണം.

"നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക". (സൂറത്ത് ബഖറ) കൃത്യമാണിവിടെ ശത്രു ആരെന്ന്.നമ്മളോട് യുദ്ധത്തിന് വരുന്നവരാണ് നമ്മുടെ ശത്രു.ഇന്ത്യയില്‍ ആരാണ് കൂട്ടരേ മുസ്‌ലിങ്ങളുടെ ശത്രു. ഇന്ത്യന്‍ ഗവേണ്‍മെന്റോ അതോ ഹിന്ദുക്കളോ അതുമല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളോ.ഒന്ന് പറഞ്ഞുതരുമോ പ്രിയമുള്ളവരേ. യുദ്ധം ചെയ്തെങ്കില്‍ മാത്രമേ മുസ്ലിങ്ങള്‍ക്ക്‌ യശസ്സ് വരികയുള്ളു എന്ന് ആരാണ് സഹോദരാ പറഞ്ഞത്. നമ്മുടെ കേരളത്തില്‍ മുസ്‌ലിങ്ങളുടെ യശസ്സ് ചെറുതാണോ? എന്ത് ജിഹാദാണ്‌ കേരളത്തില്‍ മുസ്‌ലിങ്ങള്‍ ചെയ്തിട്ടുള്ളത്.

@ജിഹാദിന് മുമ്പ് പ്രബോധനം ചെയ്യണം.


"പ്രബോധനം നടത്താതെ യുദ്ധം ചെയ്യരുത്" (നബിവചനം). യമനിലേക്ക് മുആദുബിന്‍ ജബല്‍(റ)യെ പറഞ്ഞയക്കുമ്പോള്‍ റസൂല്‍(സ) നല്‍കിയ ഉപദേശങ്ങളില്‍ ഒന്നാണിത്. പ്രബോധനം കിട്ടിയിട്ടില്ലാത്ത ഒരു സമുദായത്തിനോ വ്യക്തിക്കോ നേരെ ആയുധമെടുക്കരുത് എന്ന് സാരം. തുടര്‍ന്ന് പറയുന്നു മഹാനായ പ്രവാചകന്‍(സ) " പ്രബോധനം ചെയ്താലും യുദ്ധം ചെയ്യരുത്, അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്താലും നീ തിരിച്ചു യുദ്ധം ചെയ്യരുത് , നിങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് വരെ" എത്ര മഹത്തരമായ വാക്യമാണ് ലോക ഗുരു (സ) പഠിപ്പിച്ചു തന്നത്. ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തികളും രണ്ടാമതൊന്നു ചിന്തിക്കാതെ അതിനു തുനിയുന്ന സുഹൃത്തുക്കളും ഒന്ന് ചിന്തിക്കുക.തങ്ങള്‍ പ്രബോധനം നടത്തിയിട്ടുണ്ടോ എന്ന്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആയുധമെടുക്കാനുള്ള അവകാശമില്ല എന്ന് പറയുന്നത് ഞാനല്ല. കാരുണ്യത്തിന്റെ പ്രവാചകനാണ്‌(സ).

@ജിഹാദിന്റെ അവസാനം തീരുമാനിക്കണം.

"കുഴപ്പം ഇല്ലാതെയാവുകയും മതം അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോടു യുദ്ധം നടത്തിക്കൊള്ളുക." (സൂറത്ത് ബഖറ)അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജിഹാദ് നിര്‍ത്താന്‍ അവകാശമില്ല.മറിച്ച് അതിന്റെ ലക്‌ഷ്യം കാണണം.അല്ലെങ്കില്‍ ഒരു സമാധാന കരാറോ സന്ധിയോ വേണം. സമാധാനത്തിന് തയ്യാറായാല്‍ നിങ്ങള്‍ തയ്യാറായിക്കോളൂ എന്ന് പടച്ചവന്‍ പറഞ്ഞത് അതോ കൊണ്ടാണ്.

@റസൂല്‍(സ)യുടെ എല്ലാ മര്യാദകളും ജിഹാദില്‍ പാലിക്കണം.

ജിഹാദിന് പുറപ്പെടുമ്പോഴുള്ള അദ്ധേഹത്തിന്റെ ഉപദേശം ശ്രദ്ധിക്കുക. "വൃദ്ധര്‍,സ്ത്രീകള്‍,കുട്ടികള്‍,ജോലിക്കാര്‍,ആശ്രമത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന സന്യാസിമാര്‍,ജീവികള്‍ എന്നിവരെ കൊല്ലരുത്.സസ്യ ജാലകങ്ങള്‍ നശിപ്പിക്കരുത്.ഒരു നിരപരാധിയേയും കൊല്ലരുത്." എന്നും തിളങ്ങുന്ന ഈ ഉപദേശം എന്തേ എന്റെ സുഹൃത്തുക്കള്‍ മറക്കുന്നത്.ബസ്‌ സ്റ്റാന്റിലും മാര്‍ക്കറ്റിലും റയില്‍വേ സ്റ്റേഷനിലും എല്ലാം ഈ കൂട്ടത്തില്‍ പെട്ടവര്‍ ഇല്ലായെന്ന് നിങ്ങള്‍ കരുതുന്നുവോ? റസൂല്‍(സ)യുടെ ഉപദേശങ്ങള്‍ കാറ്റില്‍ പറത്തുന്നവരെ,നിങ്ങള്‍ക്ക് എന്തുമാവാം . പക്ഷെ ഈ സമുദായത്തെ ഇങ്ങ് വിട്ടേക്ക്.

ബദര്‍ യുദ്ധത്തിന്റെ വേളയില്‍ പ്രവാചകന്‍ (സ) ശത്രുക്കളുടെ ഭാഗത്തുള്ള ചിലയാളുകളെ ചൂണ്ടിക്കാട്ടി തന്റെ അനുയായികളെ ഉപദേശിക്കുന്ന ഒരു രംഗമുണ്ട്‌. ആളുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ പറയുന്നു അദ്ദേഹം. ആ ആളിനെ നിങ്ങള്‍ വധിക്കരുത് കേട്ടോ.കാരണം മുസ്ലിമല്ലാത്ത ആ മനുഷ്യന്‍ മുസ്ലിങ്ങളായ നമ്മളെ മുമ്പ് സഹായിച്ചിട്ടുണ്ട്. വേറെ ഒരാളെ ചൂണ്ടിക്കാട്ടി പറയുന്നു,അദ്ദേഹത്തേയും കൊല്ലരുത് എന്ന്. കാരണം നമ്മള്‍ ത്വായിഫില്‍ ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ അദ്ദേഹം നമ്മെ സഹായിച്ചിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്തിലെ മുസ്ലിങ്ങളല്ലാത്ത ഒരു പാട് പേരുണ്ട് നമ്മളെ സഹായിച്ചവര്‍.മതമുള്ളവരും അല്ലാത്തവരുമായ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ള ആ നല്ല മനുഷ്യര്‍ നമ്മുടെ ശത്രുക്കളല്ല മിത്രമാണ് എന്ന് മനസ്സിലാക്കുക. അവരേത് പാര്‍ട്ടിയാകട്ടെ ജാതിയാകട്ടെ .മുസ്‌ലിം സമുദായം മറക്കരുത് അവരെ ഒരുനാളും. മറിച്ച് ചെയ്യുന്നുവെങ്കില്‍ അത് പ്രവാചകന്‍(സ)യുടെ കല്‍പ്പനകള്‍ക്ക് വിരുദ്ധമാകും എന്ന് ഓര്‍ക്കുക.

പ്രിയമുള്ളവരേ, ഒരു നിരപരാധിയെ കൊന്നാല്‍ മുഴുവന്‍ ആളുകളെയും കൊന്നതിനു തുല്യമാണെന്ന് നമ്മളെ പഠിപ്പിച്ചത് മഹാനായ മുഹമ്മദ്‌ നബി(സ)യാണ്.അദ്ധേഹത്തിന്റെ അനുയായികള്‍ അജ്ഞത കൊണ്ട് കാണിച്ചുകൂട്ടുന്ന ഈ അക്രമങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. മഹാനായ ഖലീഫ ഉമര്‍(റ)നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബൂ ലൂല എന്ന ഒരു ജൂതന്‍ വന്ന് അദ്ധേഹത്തെ കുത്തിക്കൊലപ്പെടുത്തി .ഈ ഘാതകനെ ഉമര്‍(റ)യുടെ മകന്‍ അബ്ദുള്ള പകരം കുത്തിക്കൊന്നു.ഇസ്ലാമിക ശരീഅത്ത്‌ പ്രകാരം അബ്ദുല്ലയെ കൊല്ലണമെന്നാണ് വിധി വന്നത്. പിതാവിന്റെ ഘാതകനെ കൊല്ലാന്‍ അയാള്‍ക്കാര് അധികാരം കൊടുത്തു എന്ന് ചോദ്യമുണ്ടായി. അദ്ദേഹം ഖലീഫയൊന്നുമല്ലല്ലൊ. ഉമര്‍(റ)യുടെ ഘാതകനെ കൊല്ലാന്‍ തന്നെയാണ് വിധിയുണ്ടാവുക.പക്ഷെ അയാളെ കൊല്ലേണ്ടത്‌ ഉമര്‍(റ)യുടെ മകനോ കുടുംബമോ ഒന്നുമല്ല.ഇസ്ലാമിക ഭരണകൂടമാണ്‌ ചെയ്യേണ്ടത്.അതുകൊണ്ട് ഖലീഫ ഉമര്‍(റ)യുടെ മകന്‍ അബ്ദുല്ലയെ കൊല്ലണമെന്ന് പ്രവാചക അനുയായികള്‍ സംയുക്തമായി അഭിപ്രായം പറഞ്ഞു,.അതാണ്‌ ഇസ്‌ലാമിന്റെ നീതി. വായിക്കുമ്പോള്‍ കോരിത്തരിക്കും .

എന്നിട്ടാണ് നിരപരാധിയായ മനുഷ്യരെ ബോംബ് വെച്ചും വെട്ടിയും കൊലപ്പെടുത്തുന്നത്. ഇസ്‌ലാം എന്തെന്ന് പഠിക്കണം.അല്ലാതെ ഇസ്‌ലാമിന്റെ പേരില്‍ ജിഹാദ് എന്നും പറഞ്ഞു പുറപ്പെട്ടിട്ട് ഒരു കാര്യമില്ല. മഹാനായ പ്രവാചകനെ(സ)കപടവിശ്വാസികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വിവരമറിഞ്ഞ പ്രവാചകന്റെ(സ) അനുയായികള്‍ അയാളെ കൊല്ലണമെന്ന് പറഞ്ഞു.എന്നാല്‍ പ്രവാചകന്‍ അവരെ തടഞ്ഞു.എന്നിട്ട് പറഞ്ഞു:"അത് വേണ്ട കാരണം ആളുകള്‍ പിന്നീട് പറയും ഞാന്‍ ഇപ്പോള്‍ ശത്രുക്കളെ കൊന്നുകഴിഞ്ഞിട്ടു ഇനി സ്വന്തം അനുയായികളെ കൂടി കൊല്ലുന്നുവെന്ന്.അത് എന്റെ സമുദായത്തിന് ദോഷപ്പേര് ഉണ്ടാക്കും.." തന്റെ സമുദായത്തിന് താന്‍ മൂലം ഒരു മോശമായ പേര് വരുന്നത് പോലും ആ സമുദായ സ്നേഹിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.പ്രിയമുള്ള സുഹൃത്തുക്കളെ നിങ്ങള്‍ ആ പ്രവാചകന്റെ(സ) അനുയായികളാണെങ്കില്‍ ‍ഇത് ശ്രദ്ധിക്കേണ്ടതാണ്. എന്റെ ഒരു പ്രവര്‍ത്തി കാരണം എന്റെ സമുദായത്തിന് ആളുകളുടെ ഇടയില്‍ ഒരു ദുഷ്പ്പേര് വരുന്നുവെങ്കില്‍ അത് ഉപേക്ഷിക്കേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ് എന്ന് ഓര്‍മ്മിക്കുക.അതിന് ഈ ബദര്‍ ദിനം സഹായകമാകട്ടെ . അല്ലാഹു അനുഗ്രഹിക്കട്ടെ.