Friday, August 27, 2010

ഇന്ത്യയും ഇസ്‌ലാമും അമുസ്‌ലിങ്ങളും

വീണ്ടുമൊരു റമദാന്‍ 17. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയെ പോലുള്ള ഒരു ബഹുമത സമൂഹം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു സായുധ ജിഹാദിന്റെ ആവശ്യകതയും അനാവശ്യവും നമ്മള്‍ അവിടെ കണ്ടതാണ്. ഇത് ഇന്ത്യയാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും മതമില്ലാത്തവനും കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ്കാരനും ബിജെപി യും ലീഗും ദളും അരാഷ്ട്രീയവാദിയും മലയാളിയും തമിഴനും പഞ്ചാബിയും കാശ്മീരിയും കറുത്തവനും വെളുത്തവനും ഉള്ളവനും ഇല്ലാത്തവനും എല്ലാം ജീവിക്കുന്ന നമ്മുടെ അഭിമാന ഭാരതം. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ഭാഷയും മതവും സംസ്ക്കാരവും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സുന്ദര ഭാരതം.

ഇവിടെ ജീവിക്കേണ്ട ഒരു മുസ്‌ലിം അവിടെയുള്ള അമുസ്‌ലിങ്ങളുമായി എങ്ങിനെ ഇടപെടണം എന്ന കാര്യത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗ രേഖയുണ്ട്.ഇത് വരെയും നമ്മള്‍ അങ്ങിനെ ജീവിച്ചു പോന്നു.എന്നാല്‍ ഈയിടെയായി അതിനു ഭംഗം വരുന്ന രീതിയില്‍ അസുഖകരമായ പലതും കാണുകയും പുതിയ ചില 'ഇസ്‌ലാമിക മാര്‍ഗ്ഗങ്ങള്‍' ചില ആളുകള്‍ പറയുകയും ചെയ്യുമ്പോള്‍ വളരെ പരിമിതമായ എന്റെ അറിവില്‍ നിന്ന് കൊണ്ട് അല്‍പ്പമെങ്കിലും പറയേണ്ടത് ഒരു മുസ്‌ലിമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയാണ്. ആരെയെങ്കിലും വ്യക്തിപരമായോ സംഘടനാപരമയോ ആക്ഷേപിക്കാനല്ല ഇതെന്ന് ഞാന്‍ പറയുമ്പോള്‍ അതൊരു മുന്‍‌കൂര്‍ ജാമ്യമായി കാണില്ല എന്ന് വിശ്വസിക്കുന്നു.എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ ശിക്ഷണവും ആദരണീയനായ എന്റെ
ഗുരുനാഥന്റെ അധ്യാപനങ്ങളും എന്റെ വായനയും ചിന്തകളുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടാവുക. ഞാന്‍ പറയുന്നതെല്ലാം ശരിയെന്ന വാശിയൊന്നും എനിക്കില്ല.നിങ്ങള്‍ക്ക് തിരുത്തുവാനും വിമര്‍ശിക്കുവാനും ഏറെ സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക ദൃഷ്ട്യാ അമുസ്‌ലിം സമൂഹത്തെ പ്രധാനമായും മൂന്നായാണ് തരാം തിരിച്ചിട്ടുള്ളത്.

1) ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലുള്ള അമുസ്‌ലിങ്ങള്‍ അഥവാ സമൂഹങ്ങള്‍
2) മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചുട്ടുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍
3) മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ കഴിയാമെന്ന് ഉടമ്പടിയുള്ള അമുസ്‌ലിങ്ങള്‍ അഥവാ രാജ്യങ്ങള്‍

ഇതില്‍ ഏതിലാണ് ഇന്ത്യയിലെ അമുസ്‌ലിങ്ങളെ കൂട്ടുക.ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല എന്നത് കൊണ്ട് ഒന്നാമത്തെ പട്ടിക തള്ളാം.ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുഴുവനും മുസ്‌ലിങ്ങളുമായി ശത്രുത പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ രണ്ടും ഉപേക്ഷിക്കാം.എന്നാല്‍ ഇവിടുത്തെ അമുസ്‌ലിങ്ങള്‍ മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാമെന്ന കരാറിലാണ് ഉള്ളത്.അത് ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒപ്പിട്ട ഒരു ഉടമ്പടിയല്ല.മറിച്ച് ഇവിടുത്തെ ഭരണഘടന പ്രകാരം നമ്മളെല്ലാം മറ്റു സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ സമാധാനത്തില്‍ കഴിയാമെന്ന ഒരു പ്രതിജ്ഞയാണ്.ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ഈ പ്രതിജ്ഞ ഒരു കരാര്‍ പോലെ ഓരോ ഭാരതീയനും നിര്‍ബന്ധപൂര്‍വ്വം കാത്തു സൂക്ഷിക്കുന്നുമുണ്ട്.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒന്നാണ്."നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ് ,ആദമാകട്ടെ മണ്ണില്‍ നിന്നും". എല്ലാവര്‍ക്കും അറിയാവുന്നതാണിത്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. " (വിശുദ്ധ ഖുര്‍ആന്‍ 49:13)

എത്ര സുന്ദരമായ വാചകങ്ങളാണിത്. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം പടച്ച തമ്പുരാന്‍ വിശ്വാസപരമായ സ്വാതന്ത്യം നല്‍കി. നല്‍കപ്പെട്ട ബുദ്ധിയും വിവേകവും വെച്ച് ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ വിശ്വാസം ക്രമപ്പെടുത്താം. ഇവിടെ ഒരാള്‍ മറ്റൊരാളെ നിര്‍ബന്ധിച്ചു തന്റെ മതത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യമേ ഇല്ല.പടച്ച തമ്പുരാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല.പിന്നെ പടപ്പുകളായ നമ്മളെന്തിന് നിര്‍ബന്ധിക്കണം.അല്ലാഹു പറയുന്നു.
"നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?" (വിശുദ്ധ ഖുര്‍ആന്‍ 10:99) സൂറത്ത് ബഖറയില്‍ അല്ലാഹു പറയുന്നു." മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല"

ഇതെല്ലാം അറിയാവുന്ന നമ്മള്‍ സമാധാനത്തില്‍ ഇവിടെ ജീവിച്ചു വരുമ്പോള്‍ അതിനു വിഘ്നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തന്നെ ചില ആളുകള്‍ ചെയ്തു വരുന്നു.അതിന് പല കാരണങ്ങളും ഉണ്ടായേക്കാം.എന്നാല്‍ ഒരു മുസ്‌ലിം ഇവിടെ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.ക്ഷമയാണ് അതില്‍ പ്രധാനം.പ്രതികരിക്കാം പക്ഷെ പ്രതികാരം വേണ്ടല്ലോ.മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാവുന്ന എന്തെങ്കിലും ഈ ബഹു മത സമൂഹത്തില്‍ ഉണ്ടായാല്‍ അതിന് കൈ വെട്ടാനും കാല്‍ വെട്ടാനും പോയാല്‍ പിന്നെ സമാധാനത്തിന്റെ പര്യായമായ ഇസ്‌ലാമിന് എന്ത് പ്രസക്തി?.
പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുസ്‌ലിങ്ങളെ തടയല്‍ എത്രത്തോളം വേദനയുള്ളതാണ്. അങ്ങിനെ ചെയ്തവരോട്‌ പോലും പ്രതികാരം വേണ്ട എന്നല്ലേ പടച്ചവന്‍ പറഞ്ഞത്. മാത്രമോ അവരോടു നന്മയില്‍ പരസ്പ്പരം സഹകരിക്കാനും തിന്മയില്‍ നിസ്സഹകരണം ചെയ്യാനുമല്ലേ കല്‍പ്പിച്ചത്.

"മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (വിശുദ്ധ ഖുര്‍ആന്‍ 5:2)

ഒരു വിഭാഗം ഒരു തെറ്റ് ചെയ്തു എന്നത് കൊണ്ട് അവരോടു വൈരാഗ്യം വെച്ച് പുലര്‍ത്തേണ്ട കാര്യം ആര്‍ക്കുണ്ടെങ്കിലും മുസ്‌ലിമിന് ഉണ്ടാവാന്‍ പാടില്ലല്ലോ. എല്ലാം സഹിച്ച് എല്ലാം നഷ്ടപ്പെട്ട് ഒരു വിനീത വിധേയനാവണം എന്നല്ലല്ലോ ഇതിനര്‍ത്ഥം.തിരിച്ചടിയും അതിന് വേണ്ട നിബന്ധനകളും സന്ദര്‍ഭങ്ങളും നമ്മള്‍ ജിഹാദുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ചര്‍ച്ച ചെയ്തതുമാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് പറഞ്ഞ പ്രവാചകന്‍(സ) പോലെ മറ്റൊരാളും ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനെ ആരെങ്കിലും വധിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ആസ്വദിക്കാന്‍ കഴിയില്ല".ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ആണിത്.മറ്റൊരു ഹദീസ് നോക്കൂ.
"മുസ്‌ലിങ്ങളുമായി സമാധാനത്തില്‍ നില്‍ക്കുന്ന ഒരു അമുസ്‌ലിമിനോട് ആരെങ്കിലും അക്രമം ചെയ്‌താല്‍ അല്ലെങ്കില്‍ അപമാനം വരുത്തിയാല്‍ അതുമല്ലെങ്കില്‍ ആ വ്യക്തിയെ കൊണ്ട് നിര്‍ബന്ധിച്ചു അയാള്‍ക്കിഷ്ടമില്ലാത്തത് ചെയ്യിപ്പിച്ചാല്‍ അന്ത്യനാളില്‍ അവന്‍ എന്റെ ശത്രുവായിരിക്കും." ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് പറഞ്ഞു തരേണ്ടത്‌.എന്തേ ഇനിയും നമ്മുടെ ചില ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തത്.

ഇനി നമ്മുടെ നാട്ടിലെ ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ എന്തെങ്കിലും അപമാനം മുസ്‌ലിങ്ങള്‍ക്ക് ഉണ്ടാക്കിയാല്‍ അതെ നാണയത്തില്‍ തിരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരാണ് ഇക്കൂട്ടരെ പഠിപ്പിച്ചത്.സഹനവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്റെ മുഖമുദ്രയാണെന്നുള്ള കാര്യം ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടുവാന്‍ പറ്റില്ലല്ലോ.ആ സമൂഹം ഒന്നടങ്കം ആ തെറ്റിനെ ന്യായീകരിക്കാത്തിടത്തോളം കാലം.പ്രവാചകനെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ മോശമായി പല ആളുകളും പലതും പറയും.അത് അദ്ധ്യാപകനായാലും അഞ്ചല്‍ക്കാരനായാലും വിധി ഒന്ന് തന്നെയാണ്.പരമാവധി ക്ഷമിക്കുക.രാജാധിരാജനായ അല്ലാഹു പറയുന്നത് ശ്രവിക്കൂ.

"തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു." (വിശുദ്ധ ഖുര്‍ആന്‍ 3:186)
ഈ വചനം 2010 ല്‍ ഇറങ്ങിയതല്ല. ജുത്-ക്രൈസ്തവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും പലതും കേള്‍ക്കേണ്ടി വരുമെന്ന് പറയുന്നത് സര്‍വജ്ഞനായ ദൈവം തമ്പുരാനാണ്.അപ്പോള്‍ ക്ഷമിക്കണമെന്നും സൂക്ഷ്മത കൈക്കൊള്ളണമെന്നും പറയുന്നതും ഇതേ ദൈവം തമ്പുരാന്‍ തന്നെ.ഇതിനെക്കാളും അപമാനം മുസ്‌ലിങ്ങള്‍ ലോകം അഭിമുഖീകരിച്ചിട്ടുണ്ട്.മക്കാ കാലഘട്ടത്തിലെ അപമാനങ്ങള്‍ ക്ഷമാപൂര്‍വ്വം കൈക്കൊണ്ടവരാണ് മുസ്‌ലിങ്ങള്‍. തന്റേടികളായ ആളുകള്‍ പ്രതികരിക്കാന്‍ ഇല്ലാഞ്ഞിട്ടാണോ. പാതിരാവിന്റെ മറവില്‍ മാര്‍ക്കറ്റില്‍ പോയി ബോംബ് വെയ്ക്കുന്ന നമ്മുടെ ഭീരുക്കളായ 'പോരാളികളെ' പോലെയുള്ളവരല്ല,പാഞ്ഞു വരുന്ന വന്യ മൃഗത്തെ നേര്‍ക്ക്‌ നേരെ നിന്ന് പോരാടുന്ന സയ്യിദു ശുഹദാ ഹംസ(റ) യെ പോലെയുള്ള,എത്ര വലിയവന്റെ മുന്നിലും പോയി സധൈര്യം അടരാടാന്‍ കെല്‍പ്പുള്ള ഉമര്‍(റ)യെ പോലെയുള്ള,മുഅത്ത യുദ്ധത്തില്‍ ഏറ്റ മുറിവുകളെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ മാത്രമായി ഏറ്റുവാങ്ങി വീരരക്ത സാക്ഷിയായ ജഅഫര്‍(റ) യെ പോലെയുള്ള ചുണക്കുട്ടികള്‍ കൂടെയുള്ള റസൂല്‍(സ)ക്ക് ‍ഇവരില്‍ ആരെയെങ്കിലെയും വിട്ട് അബൂജഹലിന്റെ കൈ വെട്ടിയെടുത്തു കൊണ്ട് വരാന്‍ പറഞ്ഞാല്‍,നിമിഷങ്ങള്‍ക്കകം അത് നടപ്പിലാകുമെന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവില്ല. വെറുതെയല്ല റസൂല്‍(സ)യെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത കാരണം തന്നെ ധാരാളം.പക്ഷെ അങ്ങിനെയുണ്ടായോ?ഇല്ല തന്നെ. കാരണം അവിടെ ക്ഷമയും സൂക്ഷ്മതയും പാലിച്ചു കൊണ്ട് അവര്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളായി മാറി.

ഇനി അല്ലാഹുവിന്റെ പ്രാവചകന്‍(സ)യെ അപമാനിച്ചത് ഒരു മാഷ്‌ എന്നല്ല ഒരു മാര്‍ജ്ജാരന്‍ തന്നെ ആയാലും ശിക്ഷ നടപ്പാക്കാന്‍ ഒരു വ്യക്തിക്ക് അധികാരമില്ല.അവന്‍ ജീവിക്കുന്നത് ഒരു ഇസ്‌ലാമിക രാജ്യത്തില്‍ ആണെങ്കില്‍ കൂടി. അത് നടപ്പാക്കേണ്ടത് അതിന് ഉത്തരവാദപ്പെട്ടവരാണ്. ഇസ്‌ലാമിക ശരീഅത്ത് നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന എന്റെ മകനോ മകളോ വ്യഭിച്ചരിക്കുന്നത് ഞാന്‍ കണ്ടാല്‍ പോലും അവരെ എറിഞ്ഞു കൊല്ലാനോ,എന്റെ ധനം അപഹരിച്ചവന്റെ കൈ മുറിക്കുവാനോ എനിക്ക് അവകാശമില്ല എന്നിരിക്കെ മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ ഒരു മുസ്‌ലിം എങ്ങിനെ ശിക്ഷാനടപടികള്‍ നടപ്പാക്കും. ആളുകളെല്ലാം അവരുടെ ഇഷ്ടപ്രകാരം ശിക്ഷയും വിധിയും നടപ്പിലാക്കിയാല്‍ പിന്നെ നാട്ടില്‍ അരാജകത്വമേ ഉണ്ടാവൂ. പ്രതികാരത്തേക്കാളും വിട്ടുവീഴ്ച്ചക്കാണ് ഖുര്‍ആന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‍പരിഹാസങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വരും,അപ്പോഴെല്ലാം ക്ഷമ കാണിക്കുക എന്ന ഖുര്‍ആന്‍ വചനം മറക്കാതിരിക്കുക

ആളുകള്‍ ചോദിക്കും ക്ഷമയ്ക്ക് ഒരു അതിരില്ലേ എന്ന്? മക്കാ ജീവിതത്തില്‍ വിഷമങ്ങള്‍ അനുഭവിച്ചപ്പോള്‍ സഹാബികള്‍ റസൂല്‍(സ)യോട് പരാതി പറയുന്ന ഒരു രംഗമുണ്ട് ചരിത്രത്തില്‍ . പണ്ട്, മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ‍വാളു കൊണ്ട് തല അറുക്കപ്പെട്ട അനുഭവം മുന്‍ഗാമികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് വല്ലതും നിങ്ങള്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ ക്ഷമിച്ചു കൊണ്ട് സൂക്ഷ്മത പാലിക്കൂ എന്ന് പറഞ്ഞു പ്രവാചകന്‍(സ) അവരെ മടക്കി അയക്കുകയുണ്ടായി.
നമുക്ക് മറ്റൊരു വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് .മഹാനായ ഈ പ്രവാചകനെ നിന്ദിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ?പടച്ചവനാണേ സത്യം അതൊരു നിസ്സാര കുറ്റമല്ല. ലോക മുസ്‌ലിങ്ങള്‍ തങ്ങളുടെ ജീവനേക്കാളും ഇഷ്ടപ്പെടുന്ന ആ സ്നേഹ ഗുരുവിന് ഒരു ചെറിയ അപമാന ക്ഷതം പോലും താങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് ആവില്ല തന്നെ.അങ്ങിനെയുള്ള തെറ്റുകള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ എങ്ങിനെ ? അവിടെയാണ് നമുക്ക് ഈ ലോക ഗുരുവില്‍ മാതൃകയുള്ളത്. എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതും ഈ മഹാന്‍ അവര്‍കള്‍ പഠിപ്പിച്ചത് പോലെ തന്നെയായിരിക്കണം എന്ന് മാത്രം .
ഇപ്പോള്‍ പ്രവാചകന്‍(സ) ജീവിച്ചിരിക്കുന്നുണ്ട് എന്ന് വിചാരിക്കുക.ഇത്തരത്തില്‍ പ്രവാചകനെ(സ) ആക്ഷേപിച്ച ഒരു വ്യക്തിയോട് എന്തായിരിക്കും പ്രാവാചകന്റെ പ്രതികരണം. അയാളുടെ കൈ വെട്ടാന്‍ പറയുമോ പ്രവാചകന്‍? ഇല്ല ഒരിക്കലുമില്ല. പണ്ട് ഉഹുദ് യുദ്ധാനന്തരം പ്രവാചകനെ കളിയാക്കി കൊണ്ട് ഖാലിദ് ബിന്‍ വലീദും അബൂ സുഫിയാനും പ്രവാചകനെ(സ) കളിയാക്കുന്നുണ്ട്. പക്ഷെ പ്രവാചകന്‍(സ) നിശബ്ദനാവുകയാണ് ചെയ്തത്. എന്നാല്‍ ഞങ്ങളുടെ ഹുബുലാ ദേവിയാണ് ഈ യുദ്ധത്തിലെ ജയത്തിനു കാരണമെന്നും ഞങ്ങള്‍ക്ക് ഹുബുലാ ദേവി രക്ഷയ്ക്ക് ഉണ്ട് എന്നും നിങ്ങള്‍ക്ക് അതില്ല എന്നും പറഞ്ഞപ്പോള്‍,അഥവാ ആദര്‍ശത്തെ തൊട്ടു കളിച്ചപ്പോള്‍ പ്രവാചകന്‍(സ) പ്രതികരിക്കാന്‍ പറയുകയുണ്ടായി. "അല്ലാഹു മൗലാനാ വലാ മൗലാ ലക്കും" (ഞങ്ങളുടെ രക്ഷയ്ക്ക് അല്ലഹുവുണ്ട് നിങ്ങള്‍ക്കതില്ല.) ഇവിടെ വ്യക്തിപരമായ കളിയാക്കലില്‍ പ്രവാചകന്‍(സ) നിശബ്ദനായത് പ്രത്യേകം ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ 23 വര്‍ഷത്തെ ജീവിതം നമുക്ക് മുന്നിലുണ്ട്. ക്ഷമാ പൂര്‍ണ്ണമായ പ്രതികരണങ്ങളേ അധികവും കാണാന്‍ കഴിയുകയുള്ളൂ.

തെറ്റിനെ തെറ്റ് കൊണ്ട് നേരിടുന്ന എന്റെ പ്രിയ സഹോദരന്മാരെ ഒന്നാലോചിക്കുക. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്.എന്നാല്‍ അറിയുക. ആ സ്വര്‍ഗ്ഗത്തിന്റെ മണം പോലും ഇത്തരക്കാര്‍ക്ക് ലഭിക്കില്ല എന്ന് പറഞ്ഞ ആ പ്രവാചകന്‍(സ)യുടെ വാക്ക് ഓര്‍മ്മിക്കുക. അദ്ധേഹത്തെ അനുസരിച്ച് കൊണ്ടാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്. അല്ലാതെ ധിക്കരിച്ചു കൊണ്ടല്ല. ഈ നാട്ടില്‍ ഒരു നിയമ സംഹിതയുണ്ട്. എല്ലാവര്‍ക്കും തുല്യ മത സ്വാതത്ര്യം വിഭാവനം ചെയ്യുന്നുമുണ്ട് . അത് നിഷേധിക്കപ്പെടുമ്പോള്‍ നേരിടാന്‍ അതിന്റേതായ സംവിധാനങ്ങളുമുണ്ട് . നിയമം കയ്യിലെടുക്കാതെ ഭരണകൂടത്തിന് വിധേയനായി ജീവിക്കാന്‍ ഇതൊരു പ്രേരകമാവട്ടെ.



Saturday, May 15, 2010

കാലഹരണപ്പെട്ട കമ്മ്യൂണിസം

പഠിക്കുന്ന കാലത്ത് എനിക്ക് നീണ്ട താടിയില്ല,നീളന്‍ ജുബ്ബയില്ല പിന്നെ തോളിലൊരു തുണി സഞ്ചിയുമില്ല.അത് കൊണ്ട് തന്നെ ഞാന്‍ കമ്മ്യൂണിസത്തെ കുറിച്ച് അന്ന് സംസാരിക്കുമ്പോള്‍ ചിലയാളുകള്‍ എന്നെ പുച്ഛത്തോടെ നോക്കി. കമ്മ്യൂണിസത്തെ കുറിച്ചെല്ലാം പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു താടിയോ ജുബ്ബയോ അല്ലെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകളെങ്കിലും പറയുകയോ വേണം എന്നായിരുന്നു അവരുടെ ഭാഷ്യം.ഈ കാര്യങ്ങളെല്ലാം ബുദ്ധിയുടെ ലക്ഷണങ്ങളാണെന്നും കമ്മ്യൂണിസം മരിക്കാത്ത മഹത്തായ ഒരു സിദ്ധാന്തമാണെന്നും തെറ്റിദ്ധരിച്ച യുവത്വം ശീതീകരിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ അങ്ങിനെ പ്രചരിപ്പിക്കാറുണ്ട്.എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക്‌ മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത കുറെ വ്യര്‍ത്ഥ ആശയങ്ങള്‍ അവര്‍ പറയുന്നത് കൊണ്ടാവാം എനിക്കങ്ങിനെ തോന്നുന്നത്.അല്ലെങ്കില്‍ ഇവിടുത്തെ വരണ്ട ഒരു പ്രവാസ ജീവിതത്തില്‍ ആര്‍ജിച്ചെടുക്കാന്‍ കഴിയാഞ്ഞ എന്റെ അറിവിന്റെ പരിധിയാവാം.
ഞാനൊരു നാട്ടുമ്പുറത്ത്കാരനാണ് ഭായി.ചേറ്റുവയിലെ ഒരു സാദാ സര്‍ക്കാര്‍ സ്കൂളിലാണ് പഠനം ആരംഭിച്ചത് തന്നെ.അതുകൊണ്ട് തന്നെ നാലാം ലോകവും ഉത്തരാധുനിക ഇടതു പക്ഷ ചിന്തയും എനിയ്ക്ക് അന്യം. പക്ഷെ സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന പ്രമാണം ദൈവം തമ്പുരാന്‍ ലോകര്‍ക്കായി നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ ഞാനെന്തിന് പേടിക്കണം.അത് കമ്മ്യൂണിസമല്ല ഏത് കൊമ്പത്തെ സുല്‍ത്താന്റെ മോന്റെ തിയറിയായാലും എനിക്കെന്ത്.രാജാവ് നഗ്നനാണ് എന്ന് കുട്ടിക്ക് വിളിച്ചു പറയാമെങ്കില്‍ എന്റെ ചിന്തകള്‍ക്ക് ഞാനെന്തിന് കൂച്ചു വിലങ്ങ് ഇടണം.
സുന്ദരമായ ഒരു ഭൗതിക പ്രത്യയശാസ്ത്രമായി കമ്മ്യൂണിസ്റ്റ് വിരോധികള്‍ പോലും കമ്മ്യൂണിസത്തെ കാണുന്നുണ്ടെങ്കില്‍ പോലും എനിക്കെന്തോ അങ്ങിനെ തോന്നിയിട്ടില്ല.അടിസ്ഥാനപരമായി ആശയങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് എത്ര വലുതായാലും നടപ്പിലാക്കുമ്പോള്‍ അബദ്ധം സംഭവിക്കുകയെന്നത് കേവല ബുദ്ധിയാണ്.അല്ലാതെ പ്രയോഗവല്‍ക്കരണത്തില്‍ വന്ന പാളിച്ചയായി അതിനെ കണക്കാക്കാന്‍ പറ്റില്ല.അതൊരു മുട്ടു ന്യായം പറയലാണ്.സത്യത്തില്‍ നിങ്ങള്‍ക്കും അറിയാം ഈ ഒരു ഇസത്തിന് വൈകല്യമുണ്ട് എന്ന്.മനസ്സിലാക്കിയിട്ടും അംഗീകരിക്കാത്തത് ധാര്‍ഷ്ട്യമല്ലേ?അതോ ബുജികളെല്ലാം മറുപക്ഷത്തായത് കൊണ്ട് എതിര്‍ക്കാനുള്ള തന്റേടക്കുറവോ?.

ചെങ്കൊടി തോളിലേന്തി ഇന്‍ക്വിലാബ് സിന്ദാബാദ്‌ വിളിച്ച് അരിവാളിന് വോട്ട് ചെയ്യുന്ന ഒരു നാടന്‍ സഖാവിന്‍റെ പാര്‍ട്ടിയെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്.മറിച്ച് അവരുടെയെല്ലാം ജീവനാഡിയായ ആശയത്തെയാണ്.ഫോയര്‍ ബാക്കിന്റെയും ഹെഗലിന്റെയും രചനകളിലെ സ്വാധീനം ഉള്‍ക്കൊണ്ട്‌ അങ്ങ് ദൂരെ ഒരു `മൂലധനം’ പിറന്നെങ്കില്‍ ഇങ്ങ് മലയാള മണ്ണില്‍ അതിന് ജാതകം കുറിക്കേണ്ട ആവശ്യമെന്ത്? തകര്‍ന്നടിഞ്ഞ സ്വന്തം ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കമ്മ്യൂണിസവും ഒരു നാള്‍ വരുമെന്ന് വൃഥാ സ്വപ്നം കാണുന്ന എന്റെ പ്രിയ സഖാക്കള്‍ അറിയുന്നില്ലല്ലോ അത് കാലത്തിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും ഡിലീറ്റ്‌ ചെയ്യപ്പെട്ടുവന്നത്. സ്റ്റാലിനിന്റെ ചില അടവ് നയങ്ങളും ഗോര്‍ബച്ചേവ്‌-യെല്‍സിന്‍മാരുടെ മുതലാളിത്ത പ്രേമവും കൊണ്ട് ഒരു ചെറിയ തകര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ എന്നും ശാശ്വതമായ ഒരു പരാജയം ഉണ്ടായിട്ടില്ല എന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരോട് നമുക്ക് സയനോര പറയാം.

എന്തൊക്കെ തരം വാദങ്ങളും വിഭാഗീയ ചിന്തകളും ഇവരില്‍ ഉണ്ടെന്നറിയാമോ?.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് പറഞ്ഞാണ് ഒരു കൂട്ടര്‍ തുടങ്ങിയത്.കുറെ കഴിഞ്ഞപ്പോള്‍ വസന്തത്തിന്റെ ഇടിമുഴക്കമായി.പിന്നീട് ഗ്രാമങ്ങള്‍ നഗരങ്ങളെ വളയണമെന്ന പീക്കിങ്ങില്‍ നിന്നുള്ള പ്രഖ്യാപനം.മണ്ണാങ്കട്ട! എത്ര ചെറുപ്പക്കാരുടെ ഭാവി ഇവര്‍ വെള്ളത്തിലാക്കി.ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ലക്ഷ്യത്തിലുമെത്താതെ ജീവിതം തുലച്ച യുവതീ യുവാക്കളുടെ കണക്കെടുത്തിട്ടുണ്ടോ ഇവര്‍? ഒരു ഉറുപ്പികയ്ക്ക് ഉപകാരമില്ലാത്ത അനേകം രക്ത സാക്ഷികളെ സൃഷ്ടിച്ചത് മാത്രം മിച്ചം.മറക്കാം നമുക്ക് ആ മാറാല പിടിച്ച സിദ്ധാന്തങ്ങളെ.

വെറുതെ പറയുന്നതല്ല ഇഷ്ടാ.നിങ്ങളൊന്നു നോക്കിക്കേ.ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതിക വാദവും ഇവയ്ക്ക് തൊട്ടു കൂട്ടാനുള്ള അച്ചാറായ മാര്‍ക്സിയന്‍ സാമ്പത്തിക വിശകലനവുമാണ് ഈ കുന്ത്രാണ്ടത്തിന്റെ ആണിക്കല്ല്. പരസ്പ്പര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്നും തുടങ്ങി സമത്വ സുന്ദര കമ്മ്യൂണിസത്തില്‍ പണ്ടാരമടങ്ങി പോകാന്‍ വിധിക്കപ്പെട്ടതാണത്രേ നമ്മുടെ ചരിത്രം.ഈ ചങ്ങലയിലെ ഓരോ ഘട്ടങ്ങളും കഴിഞ്ഞു സ്വര്‍ഗ്ഗ സുന്ദര ഭൂമിയിലെത്തി ലാല്‍ സലാം വിളിക്കാന്‍ വേണ്ടി മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നമ്മുടെ സഖാക്കള്‍.ഇതിനിടയ്ക്ക് സോഷ്യലിസത്തില്‍ വെച്ച് നമ്മുടെ ചരിത്ര ഗതിയുടെ ടയര്‍ പഞ്ചര്‍ ആയി അതിന്റെ പിന്നാമ്പുറമായ മുതലാളിത്തലേക്ക് തള്ളി കയറ്റിയപ്പോഴെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ നിങ്ങളുടെ ചരിത്ര വീക്ഷണം തെറ്റായിരുന്നു എന്ന കാര്യം.

ഉന്നത ചിന്താഗതിയുള്ള ആളുകളാണ് തങ്ങളെന്ന് അവര്‍ക്കൊരു തോന്നലുണ്ട്. മതത്തിന്റെ വിധി വിലക്കുകള്‍ ബാധിക്കാത്ത, ഇരുമ്പുലക്കയുമായി തന്റെ സൃഷ്ടികളെ തല്ലാന്‍ കാത്തിരിക്കുന്ന ദൈവത്തിനെ ഭയക്കാത്ത മനുഷ്യര്‍ മാത്രമാണ് തങ്ങളെന്ന് ഇവര്‍ വീമ്പ് പറയാറുണ്ട്‌.ദൈവത്തെ നിഷേധിച്ചാല്‍ പിന്നെ ചിന്തിക്കുന്നവരായി എന്നാണു ഇവരുടെ വിചാരം.തങ്ങള്‍ക്ക് മനസ്സിലാകാത്ത ചില സത്യങ്ങളെ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രകൃതിയുടെ പ്രതിഭാസമായി ഇവര്‍ പറയും.ദൈവത്തിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഹങ്കാരം.മതം അവരെ സംബന്ധിച്ച് ഒരു കറുപ്പ് തന്നെ.

ഞങ്ങളുടെ ചേറ്റുവയില്‍ വെച്ച് ഒരു തെരുവ് ഭ്രാന്തനെ പിടിച്ചു നിര്‍ത്തി ലോക ബാങ്കിന് ഇന്ത്യ നല്‍കാനുള്ള കടങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു ബുജിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു തൊഴിലും എടുക്കാത്ത ഈ താടി കൂട്ടങ്ങള്‍ തൊഴിലാളിയെ കുറിച്ച് വാ തോരാതെ സംസാരിക്കും.പാടത്ത് പണിയെടുക്കുന്നവര്‍ മാത്രമാണ് തൊഴിലാളികള്‍ എന്നാണ് ഈ സാധുക്കളുടെ ചിന്ത.അത് കൊണ്ട് തന്നെ അരിവാള്‍ പിടിച്ചു ജോലിചെയ്യുന്നവര്‍ എല്ലാം നമ്മുടെ സ്വന്തക്കാര്‍.എല്ലാ ജന്മിമാരും നമ്മുടെ ശത്രുക്കളും.വങ്കത്തരത്തിന് ചിറക് വെച്ചാല്‍ പിന്നെ പറയണോ പൂരം.

ഇവരുടെ നേതാവ് പറഞ്ഞിട്ടുണ്ടത്രേ ഒരു തൊഴിലാളിക്ക് അയാളുടെ അദ്ധ്വാന സമയം നോക്കി കൂലി കൊടുക്കണമെന്ന്.കൂടുതല്‍ സമയം പണിയെടുക്കുന്നവനാണ് കൂടുതല്‍ കൂലി എന്ന് ഇവര്‍ കവല പ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കാന്‍ കുറെ സമരക്കാരും.ഇത് തന്നെ ഒരു വിഡ്ഢിത്തരമാണ്.അദ്ധ്വാനത്തിന്റെ സമയമല്ലല്ലോ പ്രധാനം. എന്ത്, എത്ര, എങ്ങിനെ എന്നെല്ലാം കൂടി നോക്കണ്ടേ.ഉദാഹരണത്തിന്, എന്റെ ഉപ്പ ഒരു ഒന്നാംതരം ടൈലര്‍ ആയിരുന്നു.തയ്യലില്‍ വൈദഗ്ദ്യം നേടിയ അദ്ദേഹത്തിന്റെ മകനായ എനിക്കാകട്ടെ അതിനെ കുറിച്ചൊന്നും അറിയില്ലതാനും.ഒരു കുപ്പായം തുന്നാന്‍ എന്റെ ഉപ്പാക്ക് അര മണിക്കൂര്‍ മതി. അങ്ങിനെ വരുമ്പോള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നാല് പ്രാവശ്യം ഉപ്പ തയ്ച്ചിട്ടുണ്ടാവും.അത് അദ്ദേഹത്തിന്റെ കഴിവാണ്.തുന്നലിന്റെ അടിസ്ഥാന പരമായ അറിവ് പോലും ഇല്ലാത്ത എനിക്ക് ഒരു കുപ്പായം തുന്നാന്‍ മൂന്ന് മണിക്കൂര്‍ വേണമെന്ന് വിചാരിക്കുക.നമ്മുടെ നേതാവിന്റെ സിദ്ധാന്ത പ്രകാരം രണ്ടു മണിക്കൂര്‍ പണിയെടുത്ത് നാല് കുപ്പായം അടിച്ച പണിയില്‍ നിപുണനായ എന്റെ ഉപ്പയെക്കാളും മൂന്ന് മണിക്കൂര്‍ പണിയെടുത്ത ഒരു കുപ്പായമടിച്ച എനിക്കാണ് കൂടുതല്‍ കൂലി നല്‍കേണ്ടത്.കാരണം ഞാനാണ് കൂടുതല്‍ സമയം ഉപ്പയെക്കാളും പണിയെടുത്തത്.ഇതെന്ത് കോലം!വിധി കര്‍ത്താക്കള്‍ നിങ്ങള്‍ ആണ്.

മുസ്‌ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മുന്‍ കൈ എടുക്കാറുണ്ട് എന്നുള്ള ഒരു ഉഗ്രന്‍ സഖാവിന്റെ പ്രസംഗം കഴിഞ്ഞ ദിവസം ചാനലില്‍ കണ്ടപ്പോള്‍ ശരിക്കും ചിരി വന്നു.വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം വായിച്ചാല്‍ ഇതിന്റെ നേരെ വിപരീതമായാണ് കാണുവാന്‍ സാധിക്കുക.മുമ്പ് ഇസ്രായേല്‍ എന്ന രാജ്യം രൂപം കൊണ്ടപ്പോള്‍ മിനിറ്റുകള്‍ക്കകം അമേരിക്ക ആ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.ലോക മുസ്‌ലിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കേ തൊട്ടടുത്ത നിമിഷം തന്നെ മോസ്ക്കോവില്‍ നിന്നും ഇസ്രയേലിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായി.ചിന്തിക്കാന്‍ വേണ്ടി ആ കമ്മ്യൂണിസ്റ്റ് രാജ്യം ഒട്ടും കാത്തിരുന്നില്ല. കുടിയേറ്റ പദ്ധതി നടക്കുമ്പോള്‍ ലക്ഷക്കണക്കിന്‍ ജൂതന്മാരെയാണ് റഷ്യ അവിടേക്ക് കുടിയേറ്റിയത്.പിന്നെ ജര്‍മ്മനി,പോളണ്ട് പോലെയുള്ള രാജ്യങ്ങളും.റഷ്യയോ ചൈനയോ എന്നെങ്കിലും ഒരു വട്ടമെങ്കിലും മുസ്‌ലീങ്ങള്‍ക്ക് വേണ്ടി ഒരു വീറ്റോ പ്രഖ്യാപനം നടത്തിയതായി നിങ്ങള്‍ക്ക്‌ അറിയുമോ.ഇല്ല തന്നെ.അഫ്ഗാന്‍ - ഇറാഖ്‌ പ്രശ്നങ്ങളില്‍ ഈ രാജ്യങ്ങളുടെ നിലപാടുകളും നമ്മള്‍ കണ്ടതാണ്.മുസ്‌ലിങ്ങളുടെ കൂട്ടക്കൊലകള്‍ക്ക് സാക്ഷികളാണ് ഈ കമ്മ്യൂണിസ്റ്റ് നാടുകള്‍.എന്തിന് നമ്മുടെ നാടുകളില്‍ പോലും ഈ ഇസ്‌ലാമിക വിരുദ്ധ ചിന്ത ഇവരില്‍ കാണുന്നുണ്ട്.ജീവനില്ലാത്ത മതം ഉണ്ടാക്കുവാനാണ് അവര്‍ ജീവനെ മതമില്ലാത്തവനാക്കിയത്.തൊഴിലാളികളുടെ അവകാശ സമരത്തെ ആര് നയിച്ചാലും ഇവര്‍ താല്പ്പര്യപ്പെടില്ല.കാരണം അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീറെഴുതിയെന്നാണ് അവരുടെ വിചാരം.

ഭൗതികവും ചരിത്രപരവും ആയ മാര്‍ക്സിന്റെയും എംഗല്‍സിന്റേയും കാഴ്ചപ്പാടുകള്‍ അബദ്ധം നിറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം.മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന് മുഴുവനായല്ലെങ്കിലും ഒരു പാട് പാളിച്ചകളും സംഭവിച്ചിട്ടുണ്ട്.അത് മനുഷ്യ സൃഷ്ടികളായ ഏതൊരു ഇസത്തിനും പറ്റുന്നതാണ്.അതില്‍ അത്ര വലിയ പ്രശ്നവും ഇല്ല.അത് കൊണ്ട് തന്നെ സിദ്ധാന്തത്തിലുള്ള വൈകല്യം മൂലം അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ പരാജയപ്പെടുന്നത് സ്വാഭാവികം മാത്രം.മനുഷ്യരുടെ സര്‍വ്വ കാര്യങ്ങളും അറിയുന്ന ദൈവം തമ്പുരാന്റെ നിയമങ്ങള്‍ക്ക് മുമ്പില്‍ നമ്മള്‍ തല കുനിക്കുന്നത് അത് കൊണ്ടാണ്.കാലങ്ങള്‍ക്ക് അതീതമായി അത് ഇന്നും നില നില്‍ക്കുന്നത് അത് കൊണ്ട് തന്നെ .ദൈവ നിഷേധത്തിന്റെ അടിത്തറയില്‍ നിന്നും പണിതുയര്‍ത്തിയ കമ്മ്യൂണിസം പരാജയപ്പെട്ടതിന്റേയും കാരണം മറ്റൊന്നല്ല.

Thursday, February 4, 2010

കാവ്യകലയും ചിത്രകലയും

ഞാനൊരു കവിയല്ല.പക്ഷേ,കവിതയേയും കാവ്യകലയേയും ഇഷ്ടപ്പെടുന്നു.ഒരു ചിത്രകാരനുമല്ല.പക്ഷേ,ചിത്രത്തെയും ചിത്രകലയേയും ഇഷ്ടപ്പെടുന്നു.എന്നാല്‍ ഇവയില്‍ ഏതാണ് കൂടുതല്‍ മേന്മയുള്ളത് എന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഒരു ഉത്തരം ഇല്ല തന്നെ.രണ്ടിനും അതിന്റേതായ മേന്മയുണ്ട് എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം,പക്ഷേ അങ്ങിനെയാണോ?

സത്യത്തില്‍ ഇതൊരു തീരാവാദമാണ്.ലോകത്തെ എല്ലാ കവികളും ചിത്രകാരന്മാരും യഥാക്രമത്തില്‍ കവിതയേയും ചിത്രത്തെയും ന്യായീകരിച്ചു കൊണ്ട് സംസാരിക്കും.അവര്‍ക്ക് അങ്ങിനെ ചെയ്യാം.അതാതു മേഖലകളില്‍ പ്രാവീണ്യം നേടിയവരാണവര്‍.എന്നാല്‍ ഞാനോ,‍ ഇവ രണ്ടിന്റെയും അടിസ്ഥാനകാര്യങ്ങള്‍ അറിയാത്ത,സാഹിത്യ-ചിത്രകലാ ലോകത്തിന്റെ സൗന്ദര്യം കാണാത്ത ഒരു കൂപ മണ്ഡൂകം.മുകളിലുള്ള ഒരു വൃത്തത്തില്‍ കാണുന്ന ആകാശത്തെ ലോകമാണെന്ന് തെറ്റിദ്ധരിച്ച ഒരു മാക്രി.എന്നാലും എനിക്ക് തോന്നുന്നത് ഞാനൊന്ന് ഇവിടെ പോസ്റ്റേണ് ഭായി.എന്തൂട്ടായാലും നിങ്ങളും ഒന്ന് കമന്റിക്കോ.

എന്റെ കാര്യം അവിടെ നില്‍ക്കട്ടെ.മഹാനായ കവി ഷെല്ലിയുടെ വാക്കുകള്‍ നമുക്ക് ഒന്ന് നോക്കാം."മനുഷ്യ വര്‍ഗ്ഗത്തിന്റെ നിയമ കര്‍ത്താവും സംസ്ക്കാരത്തിന്റെ മുന്നോടിയുമാണ് കവി" ആയിരിക്കാം.ഒരു ഉറുപ്പികയുടെ സംസ്ക്കാരം പോലുമില്ലാത്ത നമ്മുടെ നാട്ടിലെ ചില കവികളെ അദ്ദേഹം കണ്ടില്ലായിരിക്കാം.ശരിക്കും പറഞ്ഞാല്‍ ഒരു വ്യര്‍ത്ഥമായ ചിന്തകളല്ലേ കവിത എന്ന് പറയുന്നത്.ഭാവനയെന്ന ഓമനപ്പേര് ഇട്ടതു കൊണ്ട് നടക്കാത്ത കുറെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം ചാലിച്ചാല്‍ അതിനെ കവിതയെന്നു വിളിക്കുന്നത്‌ പൊട്ടത്തരമല്ലേ.അതോ എന്റെ ചീത്ത മുന്‍ വിധികളാണോ പൊട്ടത്തരം.ആവാം,അതിനാണ് സാധ്യതയും

ചില പ്രദേശങ്ങളുടെ ചരിത്രം തന്നെ മാറ്റിമറിച്ച കവികള്‍ ഉണ്ടായിട്ടുണ്ട്.ഒരു തലമുറയുടെ ചിന്തകള്‍ക്ക് ആവേശം വിതച്ച് ഒരു നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിച്ച കവികളും ഉണ്ടായിട്ടുണ്ട്.നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നമ്മുടെ അവകാശമാക്കി മാറ്റാന്‍ ദേശ സ്നേഹം തുളുമ്പുന്ന തേന്‍ കാവ്യങ്ങള്‍ സൃഷ്ടിച്ചെടുത്ത കവികളെ കാണാന്‍ കഴിയാതെ പോയത് എന്റെ തെറ്റ്.വെറും പ്രേമം സ്രവിക്കുന്ന കവിതകള്‍ മാത്രം കണ്ടത് കൊണ്ടായിരിക്കാം എനിക്ക് ഒരു അദൃശ്യ അവഗണന കവിതയോട് ഉണ്ടായിരുന്നത്.കാല്‍പ്പനിക കവിതകളെന്നാല്‍ സത്യത്തിന് നിരക്കാത്ത ചില കൗമാര കവിതകള്‍ മാത്രമല്ല സംശുദ്ധ പ്രേമം നിഴലിക്കുന്ന ഒരു നഗ്ന സത്യമാകുന്ന ജീവിതം കൂടിയുള്ള കവിതകള്‍ ഉണ്ട് എന്ന് മനസ്സിലാക്കാഞ്ഞതും എന്റെ തെറ്റ് തന്നെ.

എന്നാല്‍ ചിത്രത്തിന്റെ അവസ്ഥയോ. "പ്രകൃതിയുടെ പൗത്രിയാണ് ചിത്രകല"യെന്ന് വിശ്വ വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചി അഭിപ്രായപ്പെടുന്നു.ശരിയാവാം അത്.എന്നാല്‍ പച്ചപ്പട്ടണിഞ്ഞ നമ്ര മുഖിയായ ഒരു സുന്ദരിയുടെ വശ്യ മനോഹാരിത പോലെ സൗന്ദര്യം തോന്നിപ്പിക്കുന്ന പ്രകൃതിയുടെ ചിത്രങ്ങളില്‍ നിന്ന് മാറിയിട്ട് വന്ന ,ഒരു മനുഷ്യനും മനസ്സിലാകാത്ത കുറെ വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ ആധുനിക ചിത്ര കലയിലെ അദൃശ്യ സൗന്ദര്യം എനിക്കെത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല.അനാവശ്യമായി കുറെ വലിച്ചു നീട്ടി സിനിമയെടുത്താല്‍ മാത്രമേ അവാര്‍ഡു കിട്ടുകയുള്ളൂവെന്നു കരുതുന്ന ചില സംവിധായകരെ പോലെ നമ്മുടെ ചിത്രകാരന്മാരും മാറിപ്പോയിരിക്കുന്നു.

ഒരു കപ്പില്‍ നിന്നും കുറെ ചായക്കൂട്ടുകള്‍ ക്യാന്‍വാസിലേക്ക് തെറിപ്പിച്ചാല്‍ അത് ഒരു സ്ത്രീയുടെ മനോമുകുരത്തില്‍ തെളിയുന്ന ദുഃഖങ്ങളാണ് എന്ന് ചിത്രകാരന്‍ പറയും.ഭാരത പതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ അതിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചേര്‍ത്താല്‍ അത് ഭാരത സ്ത്രീയുടെ ദുഃഖമായി.പതാകയുടെ നിറങ്ങള്‍ മാത്രം മനസ്സിലായ എന്നെപ്പോലെയുള്ള ആസ്വാദകര്‍ അയാളുടെ വാദത്തെ ശരി വെച്ചുകൊണ്ട് തലയാട്ടും.വങ്കത്തരമല്ലാതെ ഇതിനെ എന്ത് വിളിക്കും.എന്നാല്‍ കുറച്ചു വര്‍ണ്ണങ്ങള്‍ കൊണ്ട് മാത്രം ലളിതമായി വരച്ച് വളരെ വ്യാപ്തമായ അര്‍ത്ഥ തലങ്ങള്‍ തരുന്ന ചിത്രങ്ങള്‍ കൂടി ഈ ആധുനിക ചിത്രകാരന്മാര്‍ വരക്കുന്നുവെന്ന സത്യം എന്തോ എന്റെ ചെറിയ അഹങ്കാരത്തിന് മേല്‍ അധിനിവേശം നടത്താന്‍ കഴിയാതെ പോയി.ഡാവിഞ്ചിയുടെ തന്നെ മോണാലിസയെ നോക്കൂ.ഏത് പാമരനും തൃപ്തിയോടെ വീക്ഷിക്കാം.ആ പുഞ്ചിരിയുടെ രഹസ്യം തേടി ആസ്വാദകര്‍ പോകും.അതില്‍ ശ്രംഗാരമാണോ കാമമാണോ പ്രതിഫലിക്കുന്നത് എന്നാ കാര്യത്തില്‍ മാത്രമേ തര്‍ക്കമുണ്ടാവുകയുള്ളൂ. എന്നിട്ടും ഈ ചേറ്റുവക്കാരന് മാത്രം എന്തോ ഒരു തൃപ്തിക്കുറവ് ."തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍" .

കവിതയേയും ചിത്രത്തിനേയും താരതമ്യപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.വാക്കുകളുടെ മായാജാലമായ കാവ്യത്തിന് സാധിക്കാത്ത പല കാര്യങ്ങളും വര്‍ണ്ണ രേഖാ രൂപമായ ചിത്രത്തിന് സാധിക്കുന്നുണ്ട്.മാത്രമല്ല കാവ്യം ഭാഷയുടെ പിടിയിലാണ്. എന്നാല്‍ ചിത്രത്തിന്റെ ഭാഷ സാര്‍വ്വജനീനമാണ്. "പേടിച്ച പേടമാന്‍ മിഴിയാണ്" എന്ന് ഒ.എന്‍.വി.പാടുമ്പോള്‍ അത് മലയാളികളായ നമുക്ക് മാത്രമേ ആ നയന സൗന്ദര്യം ദര്‍ശിക്കാന്‍ പറ്റുകയുള്ളൂ.എന്നാല്‍ 'പാല്‍ക്കുടമേന്തിയ വനിത'യുടെ സൗന്ദര്യം കാണാന്‍ മലയാളിയാകുകയോ രാജരവി വര്‍മ്മയെ അറിയുകയോ വേണ്ട. കണ്ണുണ്ടായാല്‍ മാത്രം മതി. അത് ആഫ്രിക്കന്‍ വാനാന്തരങ്ങളിലെ അപരിഷ്കൃതരായ ആദിവാസികള്‍ക്ക് പോലും പറ്റും.

ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുകയല്ല ഞാന്‍.അതിനു ന്യൂനതകളും കാണുന്നുണ്ട്.ഒരു നിമിഷം മാത്രമേ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ എന്ന് എന്നെക്കാളും മുന്‍പേ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ കവിത അങ്ങിനെയല്ല.അതിനു സമയ പരിധിയില്ല.ദൃശ്യ ലോകത്തില്‍ ചിത്രകാരന്‍ ജീവിക്കുമ്പോള്‍ ദൃശ്യവും അദൃശ്യവും ആയ ലോകങ്ങള്‍ കവിയ്ക്ക് സ്വന്തം.കാമുകിയെ ചുംബിക്കാന്‍ പോകുന്ന കാമുകന്റെ ചിത്രം നോക്കി കീറ്റ്സ് പറഞ്ഞു,"കാമുകാ! നിന്റെ ലക്ഷ്യത്തോട് നീ അടുത്തു.പക്ഷേ നിനക്കവളെ ഒരിക്കലും ചുംബിക്കാന്‍ കഴിയില്ല.എന്നാലും അവളുടെ സൗന്ദര്യം തീരെ മായുകയില്ല.നിങ്ങളുടെ സ്നേഹം എന്നും നില നില്‍ക്കും" തീര്‍ത്തും ശരിയല്ലേ അത്.

ചെറുപ്പം മുതലേ കണ്ടുവന്ന ഒരു ചിത്രം മനസ്സിലുണ്ട്.പല കടകളിലും വീടുകളിലും അത് കണ്ടിട്ടുണ്ട്. ഇറ്റാലിയന്‍ ചിത്രകാരനായ ബ്രഗോലിന്‍ വരച്ച ആ കരയുന്ന കുട്ടിയുടെ ചിത്രം ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല.കണ്ണുനീരൊലിപ്പിക്കുന്ന ആ കുട്ടി ആരാണെന്നോ , എന്തിനാണ് കരയുന്നത് എന്നോ ആ ചിത്രത്തില്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാവുകയേയില്ല. എന്നാല്‍ ഇതൊരു കവിതയാണെങ്കില്‍ ഈ പ്രശ്നം വരുകയുമില്ല.കാവ്യതിനും ചിത്രത്തിനും വിഭിന്ന മണ്ഡലങ്ങളാണുള്ളത് എന്നുള്ള ലെസ്സിങ്ങിന്റെ അഭിപ്രായം അത് ശരി വെയ്ക്കുന്നു.

"ഒറ്റപ്പത്തിയൊടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണി നാഗം
ചന്ദന ലതയിലധോമുഖ ശയനം
ചന്തമോടിങ്ങനെ ചെയ്യും പോല്‍
വിലസീ വിമലേ ചെറിയൊരു പനി നീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം"

ചങ്ങമ്പുഴയുടെ മനോഹരമായ ഒരു കാവ്യ ശകലം.നായികയുടെ മുടിയെയാണ് കവി ഇവിടെ വര്‍ണ്ണിക്കുന്നത്.അറ്റം കെട്ടിയ നീണ്ട മുടിക്കെട്ടിന്റെ കീഴറ്റത്തായി ഒരു റോസാപ്പൂവാണ് നായിക അണിഞ്ഞിരുന്നത്.ഒരു പത്തിയും ആയിരം ഉടലുകലുമുള്ള ഒരു മണി നാഗം ചന്ദനവള്ളിയില്‍ മുഖം കീഴാക്കി ശയിക്കുകയാണെന്ന് തോന്നും.മനോഹരമായ ഉപമ. Her tresses are like Serpants എന്ന ഒരു ആംഗലേയ പ്രയോഗവും ഉണ്ട്.എന്തോ ആകട്ടെ.ഇതൊരു ചിത്രമാണെങ്കില്‍ ഇത്തരത്തിലൊരു ഭാവന വരില്ല.വന്നാല്‍ തന്നെ അത് പല ആളുകളിലും വ്യതസ്ഥമാവും. ഇത് കവിതയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്.

ഇനിയുള്ളത് നിങ്ങളാണ് ചെയ്യേണ്ടത്.എന്റേത് ഒരു വിതണ്ഡ വാദമായി കരുതരുത്.മറിച്ച് നിങ്ങള്‍ക്കുള്ള ആശയങ്ങള്‍ ഞാനുമായി പങ്കുവെക്കുക.ചിത്രകാരനും കവിയ്ക്കും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.ഒരു ആസ്വാദകന്റെ സ്വാതന്ത്ര്യമായി മാത്രം കരുതുക.