Saturday, May 15, 2010

കാലഹരണപ്പെട്ട കമ്മ്യൂണിസം

പഠിക്കുന്ന കാലത്ത് എനിക്ക് നീണ്ട താടിയില്ല,നീളന്‍ ജുബ്ബയില്ല പിന്നെ തോളിലൊരു തുണി സഞ്ചിയുമില്ല.അത് കൊണ്ട് തന്നെ ഞാന്‍ കമ്മ്യൂണിസത്തെ കുറിച്ച് അന്ന് സംസാരിക്കുമ്പോള്‍ ചിലയാളുകള്‍ എന്നെ പുച്ഛത്തോടെ നോക്കി. കമ്മ്യൂണിസത്തെ കുറിച്ചെല്ലാം പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു താടിയോ ജുബ്ബയോ അല്ലെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകളെങ്കിലും പറയുകയോ വേണം എന്നായിരുന്നു അവരുടെ ഭാഷ്യം.ഈ കാര്യങ്ങളെല്ലാം ബുദ്ധിയുടെ ലക്ഷണങ്ങളാണെന്നും കമ്മ്യൂണിസം മരിക്കാത്ത മഹത്തായ ഒരു സിദ്ധാന്തമാണെന്നും തെറ്റിദ്ധരിച്ച യുവത്വം ശീതീകരിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ അങ്ങിനെ പ്രചരിപ്പിക്കാറുണ്ട്.എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക്‌ മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത കുറെ വ്യര്‍ത്ഥ ആശയങ്ങള്‍ അവര്‍ പറയുന്നത് കൊണ്ടാവാം എനിക്കങ്ങിനെ തോന്നുന്നത്.അല്ലെങ്കില്‍ ഇവിടുത്തെ വരണ്ട ഒരു പ്രവാസ ജീവിതത്തില്‍ ആര്‍ജിച്ചെടുക്കാന്‍ കഴിയാഞ്ഞ എന്റെ അറിവിന്റെ പരിധിയാവാം.
ഞാനൊരു നാട്ടുമ്പുറത്ത്കാരനാണ് ഭായി.ചേറ്റുവയിലെ ഒരു സാദാ സര്‍ക്കാര്‍ സ്കൂളിലാണ് പഠനം ആരംഭിച്ചത് തന്നെ.അതുകൊണ്ട് തന്നെ നാലാം ലോകവും ഉത്തരാധുനിക ഇടതു പക്ഷ ചിന്തയും എനിയ്ക്ക് അന്യം. പക്ഷെ സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന പ്രമാണം ദൈവം തമ്പുരാന്‍ ലോകര്‍ക്കായി നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ ഞാനെന്തിന് പേടിക്കണം.അത് കമ്മ്യൂണിസമല്ല ഏത് കൊമ്പത്തെ സുല്‍ത്താന്റെ മോന്റെ തിയറിയായാലും എനിക്കെന്ത്.രാജാവ് നഗ്നനാണ് എന്ന് കുട്ടിക്ക് വിളിച്ചു പറയാമെങ്കില്‍ എന്റെ ചിന്തകള്‍ക്ക് ഞാനെന്തിന് കൂച്ചു വിലങ്ങ് ഇടണം.
സുന്ദരമായ ഒരു ഭൗതിക പ്രത്യയശാസ്ത്രമായി കമ്മ്യൂണിസ്റ്റ് വിരോധികള്‍ പോലും കമ്മ്യൂണിസത്തെ കാണുന്നുണ്ടെങ്കില്‍ പോലും എനിക്കെന്തോ അങ്ങിനെ തോന്നിയിട്ടില്ല.അടിസ്ഥാനപരമായി ആശയങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് എത്ര വലുതായാലും നടപ്പിലാക്കുമ്പോള്‍ അബദ്ധം സംഭവിക്കുകയെന്നത് കേവല ബുദ്ധിയാണ്.അല്ലാതെ പ്രയോഗവല്‍ക്കരണത്തില്‍ വന്ന പാളിച്ചയായി അതിനെ കണക്കാക്കാന്‍ പറ്റില്ല.അതൊരു മുട്ടു ന്യായം പറയലാണ്.സത്യത്തില്‍ നിങ്ങള്‍ക്കും അറിയാം ഈ ഒരു ഇസത്തിന് വൈകല്യമുണ്ട് എന്ന്.മനസ്സിലാക്കിയിട്ടും അംഗീകരിക്കാത്തത് ധാര്‍ഷ്ട്യമല്ലേ?അതോ ബുജികളെല്ലാം മറുപക്ഷത്തായത് കൊണ്ട് എതിര്‍ക്കാനുള്ള തന്റേടക്കുറവോ?.

ചെങ്കൊടി തോളിലേന്തി ഇന്‍ക്വിലാബ് സിന്ദാബാദ്‌ വിളിച്ച് അരിവാളിന് വോട്ട് ചെയ്യുന്ന ഒരു നാടന്‍ സഖാവിന്‍റെ പാര്‍ട്ടിയെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്.മറിച്ച് അവരുടെയെല്ലാം ജീവനാഡിയായ ആശയത്തെയാണ്.ഫോയര്‍ ബാക്കിന്റെയും ഹെഗലിന്റെയും രചനകളിലെ സ്വാധീനം ഉള്‍ക്കൊണ്ട്‌ അങ്ങ് ദൂരെ ഒരു `മൂലധനം’ പിറന്നെങ്കില്‍ ഇങ്ങ് മലയാള മണ്ണില്‍ അതിന് ജാതകം കുറിക്കേണ്ട ആവശ്യമെന്ത്? തകര്‍ന്നടിഞ്ഞ സ്വന്തം ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കമ്മ്യൂണിസവും ഒരു നാള്‍ വരുമെന്ന് വൃഥാ സ്വപ്നം കാണുന്ന എന്റെ പ്രിയ സഖാക്കള്‍ അറിയുന്നില്ലല്ലോ അത് കാലത്തിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും ഡിലീറ്റ്‌ ചെയ്യപ്പെട്ടുവന്നത്. സ്റ്റാലിനിന്റെ ചില അടവ് നയങ്ങളും ഗോര്‍ബച്ചേവ്‌-യെല്‍സിന്‍മാരുടെ മുതലാളിത്ത പ്രേമവും കൊണ്ട് ഒരു ചെറിയ തകര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ എന്നും ശാശ്വതമായ ഒരു പരാജയം ഉണ്ടായിട്ടില്ല എന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരോട് നമുക്ക് സയനോര പറയാം.

എന്തൊക്കെ തരം വാദങ്ങളും വിഭാഗീയ ചിന്തകളും ഇവരില്‍ ഉണ്ടെന്നറിയാമോ?.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് പറഞ്ഞാണ് ഒരു കൂട്ടര്‍ തുടങ്ങിയത്.കുറെ കഴിഞ്ഞപ്പോള്‍ വസന്തത്തിന്റെ ഇടിമുഴക്കമായി.പിന്നീട് ഗ്രാമങ്ങള്‍ നഗരങ്ങളെ വളയണമെന്ന പീക്കിങ്ങില്‍ നിന്നുള്ള പ്രഖ്യാപനം.മണ്ണാങ്കട്ട! എത്ര ചെറുപ്പക്കാരുടെ ഭാവി ഇവര്‍ വെള്ളത്തിലാക്കി.ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ലക്ഷ്യത്തിലുമെത്താതെ ജീവിതം തുലച്ച യുവതീ യുവാക്കളുടെ കണക്കെടുത്തിട്ടുണ്ടോ ഇവര്‍? ഒരു ഉറുപ്പികയ്ക്ക് ഉപകാരമില്ലാത്ത അനേകം രക്ത സാക്ഷികളെ സൃഷ്ടിച്ചത് മാത്രം മിച്ചം.മറക്കാം നമുക്ക് ആ മാറാല പിടിച്ച സിദ്ധാന്തങ്ങളെ.

വെറുതെ പറയുന്നതല്ല ഇഷ്ടാ.നിങ്ങളൊന്നു നോക്കിക്കേ.ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതിക വാദവും ഇവയ്ക്ക് തൊട്ടു കൂട്ടാനുള്ള അച്ചാറായ മാര്‍ക്സിയന്‍ സാമ്പത്തിക വിശകലനവുമാണ് ഈ കുന്ത്രാണ്ടത്തിന്റെ ആണിക്കല്ല്. പരസ്പ്പര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്നും തുടങ്ങി സമത്വ സുന്ദര കമ്മ്യൂണിസത്തില്‍ പണ്ടാരമടങ്ങി പോകാന്‍ വിധിക്കപ്പെട്ടതാണത്രേ നമ്മുടെ ചരിത്രം.ഈ ചങ്ങലയിലെ ഓരോ ഘട്ടങ്ങളും കഴിഞ്ഞു സ്വര്‍ഗ്ഗ സുന്ദര ഭൂമിയിലെത്തി ലാല്‍ സലാം വിളിക്കാന്‍ വേണ്ടി മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നമ്മുടെ സഖാക്കള്‍.ഇതിനിടയ്ക്ക് സോഷ്യലിസത്തില്‍ വെച്ച് നമ്മുടെ ചരിത്ര ഗതിയുടെ ടയര്‍ പഞ്ചര്‍ ആയി അതിന്റെ പിന്നാമ്പുറമായ മുതലാളിത്തലേക്ക് തള്ളി കയറ്റിയപ്പോഴെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ നിങ്ങളുടെ ചരിത്ര വീക്ഷണം തെറ്റായിരുന്നു എന്ന കാര്യം.

ഉന്നത ചിന്താഗതിയുള്ള ആളുകളാണ് തങ്ങളെന്ന് അവര്‍ക്കൊരു തോന്നലുണ്ട്. മതത്തിന്റെ വിധി വിലക്കുകള്‍ ബാധിക്കാത്ത, ഇരുമ്പുലക്കയുമായി തന്റെ സൃഷ്ടികളെ തല്ലാന്‍ കാത്തിരിക്കുന്ന ദൈവത്തിനെ ഭയക്കാത്ത മനുഷ്യര്‍ മാത്രമാണ് തങ്ങളെന്ന് ഇവര്‍ വീമ്പ് പറയാറുണ്ട്‌.ദൈവത്തെ നിഷേധിച്ചാല്‍ പിന്നെ ചിന്തിക്കുന്നവരായി എന്നാണു ഇവരുടെ വിചാരം.തങ്ങള്‍ക്ക് മനസ്സിലാകാത്ത ചില സത്യങ്ങളെ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രകൃതിയുടെ പ്രതിഭാസമായി ഇവര്‍ പറയും.ദൈവത്തിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഹങ്കാരം.മതം അവരെ സംബന്ധിച്ച് ഒരു കറുപ്പ് തന്നെ.

ഞങ്ങളുടെ ചേറ്റുവയില്‍ വെച്ച് ഒരു തെരുവ് ഭ്രാന്തനെ പിടിച്ചു നിര്‍ത്തി ലോക ബാങ്കിന് ഇന്ത്യ നല്‍കാനുള്ള കടങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു ബുജിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു തൊഴിലും എടുക്കാത്ത ഈ താടി കൂട്ടങ്ങള്‍ തൊഴിലാളിയെ കുറിച്ച് വാ തോരാതെ സംസാരിക്കും.പാടത്ത് പണിയെടുക്കുന്നവര്‍ മാത്രമാണ് തൊഴിലാളികള്‍ എന്നാണ് ഈ സാധുക്കളുടെ ചിന്ത.അത് കൊണ്ട് തന്നെ അരിവാള്‍ പിടിച്ചു ജോലിചെയ്യുന്നവര്‍ എല്ലാം നമ്മുടെ സ്വന്തക്കാര്‍.എല്ലാ ജന്മിമാരും നമ്മുടെ ശത്രുക്കളും.വങ്കത്തരത്തിന് ചിറക് വെച്ചാല്‍ പിന്നെ പറയണോ പൂരം.

ഇവരുടെ നേതാവ് പറഞ്ഞിട്ടുണ്ടത്രേ ഒരു തൊഴിലാളിക്ക് അയാളുടെ അദ്ധ്വാന സമയം നോക്കി കൂലി കൊടുക്കണമെന്ന്.കൂടുതല്‍ സമയം പണിയെടുക്കുന്നവനാണ് കൂടുതല്‍ കൂലി എന്ന് ഇവര്‍ കവല പ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കാന്‍ കുറെ സമരക്കാരും.ഇത് തന്നെ ഒരു വിഡ്ഢിത്തരമാണ്.അദ്ധ്വാനത്തിന്റെ സമയമല്ലല്ലോ പ്രധാനം. എന്ത്, എത്ര, എങ്ങിനെ എന്നെല്ലാം കൂടി നോക്കണ്ടേ.ഉദാഹരണത്തിന്, എന്റെ ഉപ്പ ഒരു ഒന്നാംതരം ടൈലര്‍ ആയിരുന്നു.തയ്യലില്‍ വൈദഗ്ദ്യം നേടിയ അദ്ദേഹത്തിന്റെ മകനായ എനിക്കാകട്ടെ അതിനെ കുറിച്ചൊന്നും അറിയില്ലതാനും.ഒരു കുപ്പായം തുന്നാന്‍ എന്റെ ഉപ്പാക്ക് അര മണിക്കൂര്‍ മതി. അങ്ങിനെ വരുമ്പോള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നാല് പ്രാവശ്യം ഉപ്പ തയ്ച്ചിട്ടുണ്ടാവും.അത് അദ്ദേഹത്തിന്റെ കഴിവാണ്.തുന്നലിന്റെ അടിസ്ഥാന പരമായ അറിവ് പോലും ഇല്ലാത്ത എനിക്ക് ഒരു കുപ്പായം തുന്നാന്‍ മൂന്ന് മണിക്കൂര്‍ വേണമെന്ന് വിചാരിക്കുക.നമ്മുടെ നേതാവിന്റെ സിദ്ധാന്ത പ്രകാരം രണ്ടു മണിക്കൂര്‍ പണിയെടുത്ത് നാല് കുപ്പായം അടിച്ച പണിയില്‍ നിപുണനായ എന്റെ ഉപ്പയെക്കാളും മൂന്ന് മണിക്കൂര്‍ പണിയെടുത്ത ഒരു കുപ്പായമടിച്ച എനിക്കാണ് കൂടുതല്‍ കൂലി നല്‍കേണ്ടത്.കാരണം ഞാനാണ് കൂടുതല്‍ സമയം ഉപ്പയെക്കാളും പണിയെടുത്തത്.ഇതെന്ത് കോലം!വിധി കര്‍ത്താക്കള്‍ നിങ്ങള്‍ ആണ്.

മുസ്‌ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മുന്‍ കൈ എടുക്കാറുണ്ട് എന്നുള്ള ഒരു ഉഗ്രന്‍ സഖാവിന്റെ പ്രസംഗം കഴിഞ്ഞ ദിവസം ചാനലില്‍ കണ്ടപ്പോള്‍ ശരിക്കും ചിരി വന്നു.വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം വായിച്ചാല്‍ ഇതിന്റെ നേരെ വിപരീതമായാണ് കാണുവാന്‍ സാധിക്കുക.മുമ്പ് ഇസ്രായേല്‍ എന്ന രാജ്യം രൂപം കൊണ്ടപ്പോള്‍ മിനിറ്റുകള്‍ക്കകം അമേരിക്ക ആ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.ലോക മുസ്‌ലിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കേ തൊട്ടടുത്ത നിമിഷം തന്നെ മോസ്ക്കോവില്‍ നിന്നും ഇസ്രയേലിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായി.ചിന്തിക്കാന്‍ വേണ്ടി ആ കമ്മ്യൂണിസ്റ്റ് രാജ്യം ഒട്ടും കാത്തിരുന്നില്ല. കുടിയേറ്റ പദ്ധതി നടക്കുമ്പോള്‍ ലക്ഷക്കണക്കിന്‍ ജൂതന്മാരെയാണ് റഷ്യ അവിടേക്ക് കുടിയേറ്റിയത്.പിന്നെ ജര്‍മ്മനി,പോളണ്ട് പോലെയുള്ള രാജ്യങ്ങളും.റഷ്യയോ ചൈനയോ എന്നെങ്കിലും ഒരു വട്ടമെങ്കിലും മുസ്‌ലീങ്ങള്‍ക്ക് വേണ്ടി ഒരു വീറ്റോ പ്രഖ്യാപനം നടത്തിയതായി നിങ്ങള്‍ക്ക്‌ അറിയുമോ.ഇല്ല തന്നെ.അഫ്ഗാന്‍ - ഇറാഖ്‌ പ്രശ്നങ്ങളില്‍ ഈ രാജ്യങ്ങളുടെ നിലപാടുകളും നമ്മള്‍ കണ്ടതാണ്.മുസ്‌ലിങ്ങളുടെ കൂട്ടക്കൊലകള്‍ക്ക് സാക്ഷികളാണ് ഈ കമ്മ്യൂണിസ്റ്റ് നാടുകള്‍.എന്തിന് നമ്മുടെ നാടുകളില്‍ പോലും ഈ ഇസ്‌ലാമിക വിരുദ്ധ ചിന്ത ഇവരില്‍ കാണുന്നുണ്ട്.ജീവനില്ലാത്ത മതം ഉണ്ടാക്കുവാനാണ് അവര്‍ ജീവനെ മതമില്ലാത്തവനാക്കിയത്.തൊഴിലാളികളുടെ അവകാശ സമരത്തെ ആര് നയിച്ചാലും ഇവര്‍ താല്പ്പര്യപ്പെടില്ല.കാരണം അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീറെഴുതിയെന്നാണ് അവരുടെ വിചാരം.

ഭൗതികവും ചരിത്രപരവും ആയ മാര്‍ക്സിന്റെയും എംഗല്‍സിന്റേയും കാഴ്ചപ്പാടുകള്‍ അബദ്ധം നിറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം.മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന് മുഴുവനായല്ലെങ്കിലും ഒരു പാട് പാളിച്ചകളും സംഭവിച്ചിട്ടുണ്ട്.അത് മനുഷ്യ സൃഷ്ടികളായ ഏതൊരു ഇസത്തിനും പറ്റുന്നതാണ്.അതില്‍ അത്ര വലിയ പ്രശ്നവും ഇല്ല.അത് കൊണ്ട് തന്നെ സിദ്ധാന്തത്തിലുള്ള വൈകല്യം മൂലം അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ പരാജയപ്പെടുന്നത് സ്വാഭാവികം മാത്രം.മനുഷ്യരുടെ സര്‍വ്വ കാര്യങ്ങളും അറിയുന്ന ദൈവം തമ്പുരാന്റെ നിയമങ്ങള്‍ക്ക് മുമ്പില്‍ നമ്മള്‍ തല കുനിക്കുന്നത് അത് കൊണ്ടാണ്.കാലങ്ങള്‍ക്ക് അതീതമായി അത് ഇന്നും നില നില്‍ക്കുന്നത് അത് കൊണ്ട് തന്നെ .ദൈവ നിഷേധത്തിന്റെ അടിത്തറയില്‍ നിന്നും പണിതുയര്‍ത്തിയ കമ്മ്യൂണിസം പരാജയപ്പെട്ടതിന്റേയും കാരണം മറ്റൊന്നല്ല.