Wednesday, February 23, 2011

കാരന്‍ ആംസ്ട്രോങ്ങ്‌

ചരിത്രത്തിന്‍റെ കാണാപ്പുറങ്ങളില്‍ എന്നോ നഷ്ടപ്പെട്ടുപോയ അറിവിന്‍റെ മുത്തുകള്‍, അല്ലെങ്കില്‍ ആരുടെയൊക്കെയോ കുത്സിത ശ്രമങ്ങളുടെ ഫലമായി പുറംലോകം കാണാതെ പോയ ചില ചരിത്ര സത്യങ്ങള്‍ . അവയെല്ലാം പെറുക്കിയെടുത്ത് കൃത്യമായി അടുക്കിവെച്ച് ഞങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് പ്രാസംഗികന്‍. ലോക മുസ്‌ലിങ്ങളുടെ വളര്‍ച്ചയും പ്രവര്‍ത്തന രീതിയും അവയെ നോക്കിക്കണ്ട മുസ്‌ലിങ്ങളും അവരുടെ വിലയിരുത്തലുകളും ഒക്കെയാണ് ചര്‍ച്ച. പക്ഷേ, സംസാരത്തിനിടയ്ക്ക് എപ്പോഴോ ഒരു പേര് പറഞ്ഞു പ്രാസംഗികന്‍. "കാരന്‍ ആംസ്ട്രോങ്ങ്‌". ഞാനിതുവരെ കേട്ടിട്ടില്ലാതിരുന്ന ഒരു പേരായിരുന്നു അത്. വീട്ടില്‍ പോയി നെറ്റില്‍ ഒന്ന് പേര് പരതി നോക്കിയപ്പോള്‍, കാരന്‍ ആംസ്ട്രോങ്ങിനെ കുറിച്ചുള്ള വിവരണങ്ങള്‍ കണ്ടപ്പോള്‍ സ്വയം ഒരു അപഹാസ്യത തോന്നി. എന്‍റെ അന്വേഷണത്വരയും അറിവിനോടുള്ള തൃഷ്ണയും എത്രത്തോളം വികലമാണെന്ന തിരിച്ചറിവില്‍. ഇത്രയ്ക്ക് പ്രശസ്തയായ ഒരു വ്യക്തിയെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന, പേര് ഒന്ന് കേള്‍ക്കുക പോലും ചെയ്യാതിരുന്ന തന്റെ അറിവിന്‍റെ സീമ ഏറ്റവും അടുത്തായിരുന്നുവെന്ന ബോധ്യപ്പെടലില്‍.

1949 നവംബര്‍ 14 നാണ് കാരന്‍ ആംസ്ട്രോങ്ങ്‌ എന്ന എഴുത്തുകാരി ബ്രിട്ടനില്‍ ജനിച്ചത്‌. കൗമാര കാലഘട്ടങ്ങളില്‍ ഒരു കന്യാസ്ത്രീയായിരുന്ന കാരന്‍ പിന്നീട് അതുപേക്ഷിക്കുകയും അതിലെ തിക്താനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1982 ല്‍ "Through the Narrow Gate" എന്ന ഗ്രന്ഥം രചിക്കുകയുമുണ്ടായി.അതേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും പാശ്ചാത്യരില്‍ അധികം പേര്‍ക്കും ഉണ്ടാവുന്ന മുന്‍വിധിയൊന്നും കൂടാതെ പ്രവാചകന്‍ മുഹമ്മദ്‌() യുടെ ജീവിതത്തെ നോക്കി കാണാന്‍ ശ്രമിക്കുകയും തദ്വാര "Muhamed : A Biography of the Prophet" എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തപ്പോള്‍ ലോക മാധ്യമ രംഗത്ത് അത് ചര്‍ച്ചയായി. ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രാതിനിധ്യമുള്ള ഒരു രചയിതാവ് ആയത് കൊണ്ടാവാം അതിനൊരു പ്രത്യേകത വന്നത്. വളരെ ക്രിയാത്മകമായ രീതിയിലാണ് കൃതിയിലൂടെ അവര്‍ പ്രവാചക ജീവിതത്തെ സമീപിച്ചിരിക്കുന്നത്. അത് വായിച്ചു കഴിഞ്ഞ ആനന്ദത്തിലാണ് ഞാന്‍ നിങ്ങളുമായി അത് അല്‍പ്പം പങ്ക് വെയ്ക്കാമെന്ന് തീരുമാനിച്ചത്.

മുഹമ്മദ്‌ നബി() എന്ന പ്രവാചകന്‍റെ ജീവ ചരിത്രം വിവരിക്കുന്ന കൃതി വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. ഇന്ന് പല ആളുകളും പ്രവാചകനെ() മോശമായി ചിത്രീകരിക്കാന്‍ അല്ലെങ്കില്‍ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്ന പല സംഭവങ്ങളും
അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ സത്യസന്ധമായി കാരന്‍ ഇവിടെ വിവരിക്കുന്നുണ്ട്. മുഹമ്മദ്‌
നബി)യെ ഇകഴ്ത്താന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ മത്സരിക്കുന്ന ആളുകള്‍ ഒരുപാടുള്ള ഒരു സമൂഹത്തില്‍ നിന്നും വന്ന കാരന്‍ ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തുമ്പോള്‍ അത് അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിലെ പോരായ്മകളേയും ചൂണ്ടി കാട്ടേണ്ടതുണ്ട് .

ഇത്തരത്തിലുള്ള ഒരു ഗ്രന്ഥ രചന നടത്തുമ്പോള്‍ പല തരത്തിലുള്ള പുസ്തകങ്ങളും മറ്റും വായിക്കുകയും അത്തരത്തില്‍ തന്നെ ഈ വിഷയവുമായി ബന്ധപെട്ട പല കാര്യങ്ങളും അന്വേഷിച്ചറിയേണ്ടതായിട്ടുണ്ട് . അപ്പോഴെല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യം കിട്ടുന്ന വിവരങ്ങള്‍ കൃത്യമായ ശ്രോതസ്സില്‍ നിന്നും തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ് . അവര്‍ക്ക് പറ്റിയ ഒരു അബദ്ധവും അത് തന്നെയാണ്. മുസ്‌ലിം നാമധാരികളുടെ ഗ്രന്ഥങ്ങള്‍ എല്ലാം ഇസ്‌ലാമികമല്ല.പരിശോധനയ്ക്കായി അവര്‍ തെരഞ്ഞെടുത്ത പലതിലും തെറ്റായ വിവരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അത് കാരന്റെ പുസ്തകത്തിലും ചെറിയ തോതില്‍ നിഴലിക്കുന്നുണ്ട്. കെട്ടുകഥകള്‍ നിറഞ്ഞ പല 'ഇസ്‌ലാമിക ഗ്രന്ഥത്തിലും' കാരന്‍ തപ്പി നോക്കിയിട്ടുണ്ടാവും.പല അബദ്ധങ്ങളുടേയും അലകള്‍ ഇതില്‍ ദൃശ്യമാവുന്നത്കൊണ്ട് അങ്ങിനെ സംശയിക്കേണ്ടിയിരിക്കുന്നു.

മുഹമ്മദ്‌ നബി(സ) ഖുര്‍ആന്‍ എന്ന ഏറ്റവും മികച്ച ഒരു സാഹിത്യ കൃതി സൃഷ്ടിച്ചു എന്നൊരു പരമാര്‍ശം ഈ ഗ്രന്ഥത്തില്‍ ഉണ്ട്. തികച്ചും തെറ്റാണത്. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ) സൃഷ്ടിച്ചതല്ല. മറിച്ച് ,അത് ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടതാണ് .കൃത്യമായും ഖുര്‍ആനെ പഠിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യവുമാണ് അത്. പ്രവാചകന്‍ (സ) മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഖുര്‍ആന്‍ സമാഹരിച്ചത് എന്നൊരു പരാമര്‍ശവും ഇതിലുണ്ട്.വലിയ ഒരു അബദ്ധമാണത്. ഖുര്‍ആന്‍ പ്രവാചകന്‍(സ)യുടെ ജീവിത കാലത്ത് തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) യുടെ വിയോഗാനന്തരം,രണ്ട് ചട്ടകള്‍ക്ക് ഇടയിലുള്ള ഒരു ഗ്രന്ഥമാക്കുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്തത്.

അതുപോലെ തന്നെയാണ് മുഹമ്മദ്‌ നബി (സ) യുടെ പ്രിയ പത്നിമാരെ സംബധിച്ചുള്ള ചില വാസ്തവ വിരുദ്ധമായ ചില പരാമര്‍ശങ്ങളും, സൗര്‍ ഗുഹയ്ക്ക് മുന്നിലായി ഒറ്റ രാത്രി കൊണ്ട് വളര്‍ന്ന അക്കേഷ്വാ മരവും, എല്ലാ അറബികള്‍ക്കുമായുള്ള പ്രവാചകനായി തന്നെ അയച്ചുവെന്ന ധ്വനിയുള്ള പ്രവാചകന്‍റെ (സ) തെറ്റായ മൊഴിയും തുടങ്ങി അങ്ങിനെ പോവുന്നു ചെറുതും വലുതുമായ പല പ്രസ്താവനകള്‍. രാഷ്ട്രീയ ലക്ഷ്യം ഉന്നമാക്കി കൊണ്ടുള്ളതാണ് ഹിജ്റ എന്ന കാരന്‍റെ വിവരണവും ദാറുല്‍ ഹര്‍ബ്, ദാറുല്‍ ഇസ്‌ലാം എന്ന വിഷയത്തിലുള്ള അവരുടെ വികലമായ അറിവും പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

ഇങ്ങിനെയൊക്കെയാണെങ്കിലും കാരന്‍ ആംസ്ട്രോങ്ങ്‌ എന്ന അസാധാരണ ധൈര്യമുള്ള എഴുത്തുകാരിയുടെ പ്രതിബദ്ധത എടുത്തു പറയാതിരിക്കാന്‍ വയ്യ.കാരണം ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ നിന്ന് സധൈര്യം തനിക്ക് സത്യമെന്ന് തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ തന്റേടം കാണിച്ച അവരെ അഭിനന്ദിക്കുക തന്നെ വേണം.ഒരു മഹാഭൂരിപക്ഷം, സത്യത്തെ വികൃതമാക്കി ചരിത്രത്തെ കൊഞ്ഞനം കുത്തുമ്പോള്‍ ,തന്‍റെ ആദര്‍ശം അല്ലാഞ്ഞിട്ടു കൂടി അതല്ല ശരി ഇതാണ് ശരി എന്നെങ്കിലും പറയാന്‍ സ്ഥൈര്യം കാണിച്ച ആ ധീര വനിതയുടെ തീരുമാനത്തിന് ഒരു സല്യൂട്ട് നല്‍കി കൊണ്ടെങ്കിലും ഞാന്‍ എന്‍റെ ധാര്‍മിക പിന്തുണ പ്രഖ്യാപിക്കുന്നു.





















2 comments:

  1. അവസാനം...സോമൻ ഊളയായി...........കൊള്ളാം.......എന്താടൊ....വാര്യാരെ...താൻ...നന്നാവാത്തെ.......[ മനസിലായില്ലേ...എടോ...ഇതൊക്കെ... നാട്ടു നടപ്പാ.. അങ്ങനെ പലരും പല മതത്തിലേക്കു മാറിക്കൊണ്ടിരിക്കും.ഒരാൾ മതം മാറിന്നും ,അത്‌ ഞമ്മന്റെ മതത്തിന്റേം,നബിചര്യയുടെ കഴിവും കൊണ്ടാണന്നും പറഞ്ഞ്‌ ഒരു പോസ്റ്റിട്ട തന്റെ മൈന്റിനെ ഓർത്താണു മുകളിൽ ഞാൻ കമന്റ്‌ പറഞ്ഞത്‌ ..... കേട്ടാടൊ കോപ്പിലെ കാക്കാനെ....]

    ReplyDelete
  2. താങ്കളുടെ വിഷമത്തിന്‍റെ കാരണം എനിക്ക് മനസ്സിലാവും. പക്ഷേ എന്ത് ചെയ്യാം സഹോദരാ, എനിക്ക് പറയാതിരിക്കാന്‍ വയ്യല്ലോ..മുഹമ്മദ്‌ നബി(സ)യുടെ കഴിവും മഹത്വവും പറയാനല്ല ഞാനീ പോസ്റ്റ്‌ ഇട്ടത്. അതിന് എനിക്ക് ഒരു കാരന്‍ ആംസ്ട്രോങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.നിങ്ങള്‍ ചെയ്യുന്നത് പോലെയല്ലാതെ, മുന്‍വിധികളില്ലാതെ സത്യത്തെ സമീപിച്ച ഒരു വനിതയെ കുറിച്ച് ഒന്ന് പരാമര്‍ശിച്ചതാണ് ഭായി. അവര്‍ ഒരു മതത്തിലേക്കും വന്നിട്ടില്ല.അതില്‍ 'ഞമ്മന്റെ മതത്തിന്‍റെ' ഒരു കഴിവിനെ കുറിച്ചും ഞാന്‍ സൂചിപ്പിച്ചിട്ടുമില്ല.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം