Saturday, August 1, 2020

പ്രിയ പത്നി (കവിത)


പ്രിയ പത്നി 


(കവിത)

സമീർ കലന്തൻ 

====================

കത്തുന്ന ചന്ദനത്തിരിയില്‍ നിന്നുയരുന്ന
കമനീയ ധൂപച്ചുരുള്‍ മാത്രം കാണ്മു ഞാന്‍

ചുറ്റും സുഗന്ധം പരത്തി നീറിപ്പിട-
ഞ്ഞറ്റം എരിഞ്ഞണഞ്ഞതിന്‍ ത്യാഗം മറന്നു ഞാന്‍

അത്തരം കത്തുന്ന തിരിയുണ്ടെന്‍ വീട്ടിലും
അപ്പൊന്‍തിരിയുടെ സഹനം മറന്നു ഞാന്‍

എന്‍ പ്രിയപ്പെട്ടവളാണെങ്കില്‍കൂടിയും
മുന്‍വിധിത്തിമിരിത്താല്‍ അന്ധനായി മാറി ഞാന്‍




വേതനമില്ലാതെ സേവനമേകി നീ
വേദന മാത്രമായി മിച്ചം പിടിച്ചു നീ

കുശലംപറയാനോ നേരമില്ലാതെയായി
കുശിനിച്ചുമരുകള്‍ക്കുള്ളിലാണെപ്പോഴും

പ്രിയമേറും വിഭവങ്ങള്‍ എല്ലാം ഒരുക്കി നീ
പ്രിയമുള്ള മക്കള്‍ക്കായി സര്‍വ്വം ത്യജിച്ചു നീ

എന്നിട്ടുമെന്തേ പെണ്ണേ നീയെപ്പോഴും
എല്ലാവരാലും തഴയപ്പെടുന്നതോ





പകലിലെ വേഷങ്ങളെല്ലാം അഴിച്ചു നീ
കുവലയമിഴിയാളായി വന്നിടുമെന്‍ ചാരെ നീ

പ്രയാസങ്ങള്‍ക്കെല്ലാമിടവേള നല്‍കി നീ
അനായാസമെന്‍ പ്രിയ തോഴിയായി മാറിടും

പ്രേമം തുളുമ്പുന്ന മഞ്ഞുള്ള രാത്രിയില്‍
കാര്‍ക്കൂന്തല്‍ കെട്ടഴിച്ചെന്നെപ്പുതച്ചു നീ

തേനൂറും പ്രണയത്തിന്‍ പൂക്കളാല്‍ തീര്‍ത്തൊരു
ഈറനാം ഹാരമെന്‍ മാറിലായി ചാര്‍ത്തി നീ

എന്നിട്ടുമെന്തേ പെണ്ണേ നീയെപ്പോഴും
എന്നാലും തഴയപ്പെടുന്നവളായതോ





മാറണം മാറാല മുറ്റിയെന്‍ ചിന്തകള്‍
തീരണം എന്നില്ലഹംഭാവമൊക്കെയും

ഒന്നിച്ചു വാഴുവാന്‍ ഒന്നായിത്തീരുവാന്‍
മന്നവനല്ല ഞാൻ സ്വയമറിഞ്ഞീടണം

കത്തുന്ന ചന്ദനതിരിയില്ല എൻ മുന്നില്‍
കമനീയ ധൂപച്ചുരുൾ വര്‍ണ്ണമിന്നില്ല

ചുറ്റും സുഗന്ധം പരത്തുന്ന നീ മാത്രം

  പത്നി നിന്‍ സുന്ദരപ്പൂമുഖം മാത്രം

 പ്രിയ പത്നി നിന്‍ സുന്ദരപ്പൂമുഖം മാത്രം


Sameer Kalandan



YouTube

https://youtu.be/7-IyP6-3Ap8

Facebook
https://www.facebook.com/sameerpkk


Tags
priyapathni
priya pathni
priyapatni
priya patni
kathunna chandhanathiri






No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം