Wednesday, August 5, 2020

തെങ്ങോലപ്പമ്പരം ( കവിത )

തെങ്ങോലപ്പമ്പരം

  ( കവിത )

സമീർ കലന്തൻ 


തുമ്പീ നിനക്കൊന്നു പോയ് വരാമോ

പണ്ട് ഞാൻ കളിച്ചുള്ളൊരാ മാഞ്ചുവട്ടിൽ

പാറിപ്പറന്നു നീ ചുറ്റും തിരയണേ

പണ്ടെന്നോ വീണു പോയെൻ ബാല്യത്തെ

കീഴേ കിടക്കുന്നിലയിലും പൂവിലും

കാണാം നിനക്കെന്റെ കുഞ്ഞുകാലം

 

എൻ പാട്ടിനെതിർ പാട്ട് പാടുന്നൊരാക്കുയിൽ

ഇപ്പോഴും ആ മരക്കൊമ്പിലുണ്ടോ

അമ്മാവിൻ കൊമ്പിലായുള്ളയെന്നൂഞ്ഞാലിൽ

ആടുവാൻ എൻ കളിക്കൂട്ടരുണ്ടോ

കെട്ടിയുണ്ടാക്കിയെന്നുണ്ണിപ്പുരയ്ക്കു മേൽ

വട്ടം പറന്നു നീ നോക്കീടണേ

ചുട്ടെടുത്തുള്ളയെൻ മധുരമാം മണ്ണപ്പം

കട്ടെടുക്കാനായി കാക്കയുണ്ടോ

പുളിയിലക്കറിയിലായ് കുടിയേറിപ്പാർക്കുവാൻ

പുളിയനുറുമ്പുകൾ ചുറ്റുമുണ്ടോ

 

കളിക്കൂട്ടുകാരാമയൽപ്പക്കത്തുള്ളവർ

ഉണ്ണിച്ചോർ വെച്ചു കളിക്കുന്നുണ്ടോ

അവരുടെ സദ്യവട്ടങ്ങളെന്താണെന്ന്

അവരറിയാതൊന്നു ചൊന്നിടേണേ

അതിനേക്കാൾ സ്വാദൂറും വിഭവങ്ങളെല്ലാം

അവരേക്കാൾ മുന്നേ ഒരുക്കീടണം

ആമ്പലും തുമ്പയും തെച്ചിയും കൂട്ടിയാ

ചേമ്പിലത്താളിൽ വിളമ്പീടണം

അതിഥികൾ അത്ഭുതപ്പെട്ടങ്ങു നിൽക്കുമ്പോൾ

അരികിലായി മാറി ചിരിച്ചീടണം

 

ഉള്ളം കുളിരുന്നീ രസമെല്ലാം കളയുന്ന

ഉണ്ണീയെന്നമ്മ വിളിക്കുന്നുണ്ടോ

ചായപ്പൊടിയുടെ മണമുള്ള രൂപയും

കയ്യിൽ പിടിച്ചു കൊണ്ടമ്മയുണ്ടോ

ഒറ്റയോട്ടത്തിലെന്റുണ്ണി നീ പോകണം

എന്നമ്മ എന്നോട് ചൊല്ലുന്നുണ്ടോ

കോലായിലുള്ള വിരുന്നുകാർ കാണാതെ

പലഹാരം വാങ്ങിക്കൊടുക്കേണം ഞാൻ

അപ്പോൾ മുഖം വാടി  പോകുന്ന ആ രംഗം

ഇപ്പോഴും ഓർക്കുമ്പോൾ എന്തു സുഖം

 

എല്ലാം കഴിഞ്ഞു നീ പോരുന്ന നേരത്ത്

മെല്ലെ തിരിഞ്ഞൊന്ന് നോക്കീടണേ

അഴകേറും നനവുള്ള ആ രണ്ട് കണ്ണുകൾ

പുഴയോരത്തുള്ളൊരാ വീട്ടിലുണ്ടോ

ഞാൻ കൊടുത്തുള്ളൊരാ തെങ്ങോല പമ്പരം

വാടാതെ ഇപ്പോഴും കയ്യിലുണ്ടോ

പകരമായേകിയ പ്ലാവിലത്തൊപ്പിയിൽ

തിരുകിയ റോസാപ്പൂ വാടാതുണ്ട്

തുമ്പീ നിനക്കൊന്ന് ചൊല്ലിടാമോ അത്

വാടാതെ ഇപ്പോഴുമെൻ നെഞ്ചിലുണ്ട് 

Sameer Kalandan

YouTube

Facebook

Tag
thumbi ninakkonnu poivaraamo
thengola pambaram
thengolappamparam
balya kaalam
child hood days
malayalam kavitha
thumbi

2 comments:

  1. അസ്സലാമു അലൈക്കും.
    സമീര്‍ കലന്താ ..ഓര്‍മയുണ്ടോ ഈ സമീറിനെ.?
    വിളിച്ചാല്‍ കിട്ടുന്ന മൊബൈല്‍ നമ്പര്‍ തരാമോ?

    ReplyDelete
  2. وعليكم السلام

    ഞാൻ ഖത്തറിലാണ്
    55377563

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം