Monday, August 3, 2020

മകനേ നിനക്കായ് (കവിത)


മകനേ നിനക്കായ് 

(കവിത) 


സമീർ കലന്തൻ 




മകനേ നിനക്കായ് പൊഴിയുന്നെൻ മൊഴിയിൽ

മിഴിനീർ കലർന്നയെൻ കരളിന്റെ ദു:ഖം

മകനേ ഇനീയെന്നറിയില്ല ഒരു വേള

ഒന്നിച്ചിരുന്നൊന്ന് പൊട്ടിച്ചിരിക്കുവാൻ


അകലെയാണെങ്കിലും ഒന്നടുത്തെത്തുവാൻ

മുകിലായിപ്പായുവാൻ വെമ്പുന്നു മനവും

ഇവിടേ വിറയ്ക്കുന്ന മഞ്ഞിലും മഴയത്തും

ഉടൽ പൊള്ളും ചൂടിലും അന്നാട്ടിനൊപ്പമാ


അവിടുന്നിറങ്ങിയ നിമിഷം മുതൽക്കെന്റെ

ഇടനെഞ്ചിൽ കരയുന്ന നിന്നമ്മ തൻ മുഖം

അവളേ ഒരുനാളും വെടിയുവാനാവില്ല

അവളോളമെത്തുവാൻ ഒന്നുമില്ലീ ഭുവിൽ


ദിനവും നിന്നമ്മയ്ക്ക് തണലായ് നീ മാറണം

അതിനായി നന്മ തൻ മരമായി നീ വളരണം

മകനേ നിനക്കൊപ്പം ചേർക്കണം സഹജനാം

മധുരച്ചിരിയുള്ള എൻ മണിക്കുട്ടനെ

 അവനൊന്നു വീഴുമ്പോൾ താങ്ങുവാനെത്തണം

പവൻ പോലെ മാറി നീ കുളിരായ് തലോടണം


നിങ്ങളിൽ സൗരഭ്യം എന്നും നിറച്ചിടാൻ

നിൽപ്പുണ്ട് ചാരത്ത് പുഷ്പ്പമായെൻ മകൾ

അവളെന്റ നെഞ്ചിലെ മണിവിളക്കാണെന്നും

അതു കൊളുത്തീടണേ എന്നെ സ്മരിച്ചിടാൻ


മകനേ നിൻ മതമെന്നുമുള്ളിലായ് തീരണം

മദം പൊട്ടും ചിന്തകൾ പാടേ വെടിയണം

നാടിനെ സേവിക്കാൻ മുന്നേ നീയെത്തണം

നാലാളറിയുന്ന നായകനാവണം



പറക്കുന്ന കൊടിയുടെ നിറമെല്ലാം മാഞ്ഞിടും

ഉറച്ചുള്ള മനസ്സിന്റെ നിറമെന്നും നിന്നിടും

മകനേ  ഇനിയൊന്നും മൊഴിയാനായി കഴിയില്ല

ഉടനേ  അടുത്തെത്തും  എനിക്കായൊരു മഞ്ചൽ


കരയാതിരിക്കേണം  പതറാതെ നിൽക്കേണം
കരകാണാകടലാണിതെന്നറിഞ്ഞീടണം

വീടിന്റെ മുന്നിൽ നീ ഞാനായി നിൽക്കേണം
വീഴാതെ കാക്കണം ഞാൻ പിറന്നാഗൃഹം


മകനേ ഇനിയൊന്നും മൊഴിയാനായി കഴിയില്ല
ഉടനേ അടുത്തെത്തും എനിക്കായൊരു മഞ്ചൽ

ഉടനേ അടുത്തെത്തും എനിക്കായൊരു മഞ്ചൽ

Sameer Kalandan 


YouTube
https://www.youtube.com/watch?v=jT9KUAecxZw

Facebook
https://www.facebook.com/sameerpkk

Tags
makane ninakkay
malayalam kavitha
lyrics

No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം