Thursday, February 4, 2010

കാവ്യകലയും ചിത്രകലയും

ഞാനൊരു കവിയല്ല.പക്ഷേ,കവിതയേയും കാവ്യകലയേയും ഇഷ്ടപ്പെടുന്നു.ഒരു ചിത്രകാരനുമല്ല.പക്ഷേ,ചിത്രത്തെയും ചിത്രകലയേയും ഇഷ്ടപ്പെടുന്നു.എന്നാല്‍ ഇവയില്‍ ഏതാണ് കൂടുതല്‍ മേന്മയുള്ളത് എന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഒരു ഉത്തരം ഇല്ല തന്നെ.രണ്ടിനും അതിന്റേതായ മേന്മയുണ്ട് എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം,പക്ഷേ അങ്ങിനെയാണോ?

സത്യത്തില്‍ ഇതൊരു തീരാവാദമാണ്.ലോകത്തെ എല്ലാ കവികളും ചിത്രകാരന്മാരും യഥാക്രമത്തില്‍ കവിതയേയും ചിത്രത്തെയും ന്യായീകരിച്ചു കൊണ്ട് സംസാരിക്കും.അവര്‍ക്ക് അങ്ങിനെ ചെയ്യാം.അതാതു മേഖലകളില്‍ പ്രാവീണ്യം നേടിയവരാണവര്‍.എന്നാല്‍ ഞാനോ,‍ ഇവ രണ്ടിന്റെയും അടിസ്ഥാനകാര്യങ്ങള്‍ അറിയാത്ത,സാഹിത്യ-ചിത്രകലാ ലോകത്തിന്റെ സൗന്ദര്യം കാണാത്ത ഒരു കൂപ മണ്ഡൂകം.മുകളിലുള്ള ഒരു വൃത്തത്തില്‍ കാണുന്ന ആകാശത്തെ ലോകമാണെന്ന് തെറ്റിദ്ധരിച്ച ഒരു മാക്രി.എന്നാലും എനിക്ക് തോന്നുന്നത് ഞാനൊന്ന് ഇവിടെ പോസ്റ്റേണ് ഭായി.എന്തൂട്ടായാലും നിങ്ങളും ഒന്ന് കമന്റിക്കോ.

എന്റെ കാര്യം അവിടെ നില്‍ക്കട്ടെ.മഹാനായ കവി ഷെല്ലിയുടെ വാക്കുകള്‍ നമുക്ക് ഒന്ന് നോക്കാം."മനുഷ്യ വര്‍ഗ്ഗത്തിന്റെ നിയമ കര്‍ത്താവും സംസ്ക്കാരത്തിന്റെ മുന്നോടിയുമാണ് കവി" ആയിരിക്കാം.ഒരു ഉറുപ്പികയുടെ സംസ്ക്കാരം പോലുമില്ലാത്ത നമ്മുടെ നാട്ടിലെ ചില കവികളെ അദ്ദേഹം കണ്ടില്ലായിരിക്കാം.ശരിക്കും പറഞ്ഞാല്‍ ഒരു വ്യര്‍ത്ഥമായ ചിന്തകളല്ലേ കവിത എന്ന് പറയുന്നത്.ഭാവനയെന്ന ഓമനപ്പേര് ഇട്ടതു കൊണ്ട് നടക്കാത്ത കുറെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം ചാലിച്ചാല്‍ അതിനെ കവിതയെന്നു വിളിക്കുന്നത്‌ പൊട്ടത്തരമല്ലേ.അതോ എന്റെ ചീത്ത മുന്‍ വിധികളാണോ പൊട്ടത്തരം.ആവാം,അതിനാണ് സാധ്യതയും

ചില പ്രദേശങ്ങളുടെ ചരിത്രം തന്നെ മാറ്റിമറിച്ച കവികള്‍ ഉണ്ടായിട്ടുണ്ട്.ഒരു തലമുറയുടെ ചിന്തകള്‍ക്ക് ആവേശം വിതച്ച് ഒരു നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിച്ച കവികളും ഉണ്ടായിട്ടുണ്ട്.നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നമ്മുടെ അവകാശമാക്കി മാറ്റാന്‍ ദേശ സ്നേഹം തുളുമ്പുന്ന തേന്‍ കാവ്യങ്ങള്‍ സൃഷ്ടിച്ചെടുത്ത കവികളെ കാണാന്‍ കഴിയാതെ പോയത് എന്റെ തെറ്റ്.വെറും പ്രേമം സ്രവിക്കുന്ന കവിതകള്‍ മാത്രം കണ്ടത് കൊണ്ടായിരിക്കാം എനിക്ക് ഒരു അദൃശ്യ അവഗണന കവിതയോട് ഉണ്ടായിരുന്നത്.കാല്‍പ്പനിക കവിതകളെന്നാല്‍ സത്യത്തിന് നിരക്കാത്ത ചില കൗമാര കവിതകള്‍ മാത്രമല്ല സംശുദ്ധ പ്രേമം നിഴലിക്കുന്ന ഒരു നഗ്ന സത്യമാകുന്ന ജീവിതം കൂടിയുള്ള കവിതകള്‍ ഉണ്ട് എന്ന് മനസ്സിലാക്കാഞ്ഞതും എന്റെ തെറ്റ് തന്നെ.

എന്നാല്‍ ചിത്രത്തിന്റെ അവസ്ഥയോ. "പ്രകൃതിയുടെ പൗത്രിയാണ് ചിത്രകല"യെന്ന് വിശ്വ വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചി അഭിപ്രായപ്പെടുന്നു.ശരിയാവാം അത്.എന്നാല്‍ പച്ചപ്പട്ടണിഞ്ഞ നമ്ര മുഖിയായ ഒരു സുന്ദരിയുടെ വശ്യ മനോഹാരിത പോലെ സൗന്ദര്യം തോന്നിപ്പിക്കുന്ന പ്രകൃതിയുടെ ചിത്രങ്ങളില്‍ നിന്ന് മാറിയിട്ട് വന്ന ,ഒരു മനുഷ്യനും മനസ്സിലാകാത്ത കുറെ വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ ആധുനിക ചിത്ര കലയിലെ അദൃശ്യ സൗന്ദര്യം എനിക്കെത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല.അനാവശ്യമായി കുറെ വലിച്ചു നീട്ടി സിനിമയെടുത്താല്‍ മാത്രമേ അവാര്‍ഡു കിട്ടുകയുള്ളൂവെന്നു കരുതുന്ന ചില സംവിധായകരെ പോലെ നമ്മുടെ ചിത്രകാരന്മാരും മാറിപ്പോയിരിക്കുന്നു.

ഒരു കപ്പില്‍ നിന്നും കുറെ ചായക്കൂട്ടുകള്‍ ക്യാന്‍വാസിലേക്ക് തെറിപ്പിച്ചാല്‍ അത് ഒരു സ്ത്രീയുടെ മനോമുകുരത്തില്‍ തെളിയുന്ന ദുഃഖങ്ങളാണ് എന്ന് ചിത്രകാരന്‍ പറയും.ഭാരത പതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ അതിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ചേര്‍ത്താല്‍ അത് ഭാരത സ്ത്രീയുടെ ദുഃഖമായി.പതാകയുടെ നിറങ്ങള്‍ മാത്രം മനസ്സിലായ എന്നെപ്പോലെയുള്ള ആസ്വാദകര്‍ അയാളുടെ വാദത്തെ ശരി വെച്ചുകൊണ്ട് തലയാട്ടും.വങ്കത്തരമല്ലാതെ ഇതിനെ എന്ത് വിളിക്കും.എന്നാല്‍ കുറച്ചു വര്‍ണ്ണങ്ങള്‍ കൊണ്ട് മാത്രം ലളിതമായി വരച്ച് വളരെ വ്യാപ്തമായ അര്‍ത്ഥ തലങ്ങള്‍ തരുന്ന ചിത്രങ്ങള്‍ കൂടി ഈ ആധുനിക ചിത്രകാരന്മാര്‍ വരക്കുന്നുവെന്ന സത്യം എന്തോ എന്റെ ചെറിയ അഹങ്കാരത്തിന് മേല്‍ അധിനിവേശം നടത്താന്‍ കഴിയാതെ പോയി.ഡാവിഞ്ചിയുടെ തന്നെ മോണാലിസയെ നോക്കൂ.ഏത് പാമരനും തൃപ്തിയോടെ വീക്ഷിക്കാം.ആ പുഞ്ചിരിയുടെ രഹസ്യം തേടി ആസ്വാദകര്‍ പോകും.അതില്‍ ശ്രംഗാരമാണോ കാമമാണോ പ്രതിഫലിക്കുന്നത് എന്നാ കാര്യത്തില്‍ മാത്രമേ തര്‍ക്കമുണ്ടാവുകയുള്ളൂ. എന്നിട്ടും ഈ ചേറ്റുവക്കാരന് മാത്രം എന്തോ ഒരു തൃപ്തിക്കുറവ് ."തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍" .

കവിതയേയും ചിത്രത്തിനേയും താരതമ്യപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.വാക്കുകളുടെ മായാജാലമായ കാവ്യത്തിന് സാധിക്കാത്ത പല കാര്യങ്ങളും വര്‍ണ്ണ രേഖാ രൂപമായ ചിത്രത്തിന് സാധിക്കുന്നുണ്ട്.മാത്രമല്ല കാവ്യം ഭാഷയുടെ പിടിയിലാണ്. എന്നാല്‍ ചിത്രത്തിന്റെ ഭാഷ സാര്‍വ്വജനീനമാണ്. "പേടിച്ച പേടമാന്‍ മിഴിയാണ്" എന്ന് ഒ.എന്‍.വി.പാടുമ്പോള്‍ അത് മലയാളികളായ നമുക്ക് മാത്രമേ ആ നയന സൗന്ദര്യം ദര്‍ശിക്കാന്‍ പറ്റുകയുള്ളൂ.എന്നാല്‍ 'പാല്‍ക്കുടമേന്തിയ വനിത'യുടെ സൗന്ദര്യം കാണാന്‍ മലയാളിയാകുകയോ രാജരവി വര്‍മ്മയെ അറിയുകയോ വേണ്ട. കണ്ണുണ്ടായാല്‍ മാത്രം മതി. അത് ആഫ്രിക്കന്‍ വാനാന്തരങ്ങളിലെ അപരിഷ്കൃതരായ ആദിവാസികള്‍ക്ക് പോലും പറ്റും.

ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുകയല്ല ഞാന്‍.അതിനു ന്യൂനതകളും കാണുന്നുണ്ട്.ഒരു നിമിഷം മാത്രമേ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ എന്ന് എന്നെക്കാളും മുന്‍പേ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ കവിത അങ്ങിനെയല്ല.അതിനു സമയ പരിധിയില്ല.ദൃശ്യ ലോകത്തില്‍ ചിത്രകാരന്‍ ജീവിക്കുമ്പോള്‍ ദൃശ്യവും അദൃശ്യവും ആയ ലോകങ്ങള്‍ കവിയ്ക്ക് സ്വന്തം.കാമുകിയെ ചുംബിക്കാന്‍ പോകുന്ന കാമുകന്റെ ചിത്രം നോക്കി കീറ്റ്സ് പറഞ്ഞു,"കാമുകാ! നിന്റെ ലക്ഷ്യത്തോട് നീ അടുത്തു.പക്ഷേ നിനക്കവളെ ഒരിക്കലും ചുംബിക്കാന്‍ കഴിയില്ല.എന്നാലും അവളുടെ സൗന്ദര്യം തീരെ മായുകയില്ല.നിങ്ങളുടെ സ്നേഹം എന്നും നില നില്‍ക്കും" തീര്‍ത്തും ശരിയല്ലേ അത്.

ചെറുപ്പം മുതലേ കണ്ടുവന്ന ഒരു ചിത്രം മനസ്സിലുണ്ട്.പല കടകളിലും വീടുകളിലും അത് കണ്ടിട്ടുണ്ട്. ഇറ്റാലിയന്‍ ചിത്രകാരനായ ബ്രഗോലിന്‍ വരച്ച ആ കരയുന്ന കുട്ടിയുടെ ചിത്രം ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല.കണ്ണുനീരൊലിപ്പിക്കുന്ന ആ കുട്ടി ആരാണെന്നോ , എന്തിനാണ് കരയുന്നത് എന്നോ ആ ചിത്രത്തില്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാവുകയേയില്ല. എന്നാല്‍ ഇതൊരു കവിതയാണെങ്കില്‍ ഈ പ്രശ്നം വരുകയുമില്ല.കാവ്യതിനും ചിത്രത്തിനും വിഭിന്ന മണ്ഡലങ്ങളാണുള്ളത് എന്നുള്ള ലെസ്സിങ്ങിന്റെ അഭിപ്രായം അത് ശരി വെയ്ക്കുന്നു.

"ഒറ്റപ്പത്തിയൊടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണി നാഗം
ചന്ദന ലതയിലധോമുഖ ശയനം
ചന്തമോടിങ്ങനെ ചെയ്യും പോല്‍
വിലസീ വിമലേ ചെറിയൊരു പനി നീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം"

ചങ്ങമ്പുഴയുടെ മനോഹരമായ ഒരു കാവ്യ ശകലം.നായികയുടെ മുടിയെയാണ് കവി ഇവിടെ വര്‍ണ്ണിക്കുന്നത്.അറ്റം കെട്ടിയ നീണ്ട മുടിക്കെട്ടിന്റെ കീഴറ്റത്തായി ഒരു റോസാപ്പൂവാണ് നായിക അണിഞ്ഞിരുന്നത്.ഒരു പത്തിയും ആയിരം ഉടലുകലുമുള്ള ഒരു മണി നാഗം ചന്ദനവള്ളിയില്‍ മുഖം കീഴാക്കി ശയിക്കുകയാണെന്ന് തോന്നും.മനോഹരമായ ഉപമ. Her tresses are like Serpants എന്ന ഒരു ആംഗലേയ പ്രയോഗവും ഉണ്ട്.എന്തോ ആകട്ടെ.ഇതൊരു ചിത്രമാണെങ്കില്‍ ഇത്തരത്തിലൊരു ഭാവന വരില്ല.വന്നാല്‍ തന്നെ അത് പല ആളുകളിലും വ്യതസ്ഥമാവും. ഇത് കവിതയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്.

ഇനിയുള്ളത് നിങ്ങളാണ് ചെയ്യേണ്ടത്.എന്റേത് ഒരു വിതണ്ഡ വാദമായി കരുതരുത്.മറിച്ച് നിങ്ങള്‍ക്കുള്ള ആശയങ്ങള്‍ ഞാനുമായി പങ്കുവെക്കുക.ചിത്രകാരനും കവിയ്ക്കും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.ഒരു ആസ്വാദകന്റെ സ്വാതന്ത്ര്യമായി മാത്രം കരുതുക.

4 comments:

  1. നല്ല ചിന്തകള്‍.... തുടരുക.
    ചിത്രത്തേയും കവിതയേയും അളന്നു തൂക്കി ഏതാണു മുന്നിലെന്ന്
    കണ്ടെത്താനുള്ള ശ്രമം രണ്ടിലേക്കും ആഴത്തിലിറങ്ങാനുള്ള
    ചവിട്ടുപടികളിലെത്തിക്കുമെന്നതിനാല്‍ നല്ലതുതന്നെ.
    കവിതക്കകത്ത് കവിയുടെ ദര്‍ശനവും, ചിത്രത്തിനകത്ത് ചിത്രകാരന്റെ
    ദര്‍ശനവുമുണ്ടാകുംബോഴാണ് കവിതയും ചിത്രവും മനുഷ്യനെ മുന്നോട്ടു നയിക്കുന്ന
    സൃഷ്ടിയാകുന്നത്. ആ അകകാംബിന് ചിത്രകാരനിലും കവിയിലും മനുഷ്യസ്നേഹിയായ ഒരു ദാര്‍ശനികന്‍ വേണം. പലപ്പോഴും അതുണ്ടാകില്ല.
    അല്ലെങ്കില്‍ അപൂര്‍വ്വമായേ അതുണ്ടാകു എന്നതാണു സത്യം.
    മനുഷ്യ സ്നേഹിയല്ലാത്ത രാഷ്ട്രീയക്കാരനും,ഡൊക്ടറും,ശാസ്ത്രജ്ഞനും,
    അധ്യാപകനും,ജഡ്ജിയും,പോലീസും,ചിത്രകാരനും,കവിയും,ചിന്തകനും
    കാപട്യത്തിന്റെ/പൊള്ളയായ ജീവിതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമായിരിക്കും.ജീവിത ദര്‍ശനമുള്ള ചെരിപ്പുകുത്തിയും,ബാര്‍ബറും,തൂപ്പുകാരനും ഇവരേക്കാള്‍ മഹത്വമുള്ളവരുമാകാം.

    പിന്നെ, ചിത്രങ്ങള്‍ നിശ്ചലമായ ഒരു കാഴ്ച്ചയുടെ പരിമിതി അനുഭവിക്കുന്നുണ്ടെന്ന പ്രസ്താവം വസ്തുതാപരമായി സരിയാകുമോ ?
    അപ്പോള്‍ ചലച്ചിത്രത്തെ മറന്നുപോയോ ???
    ചലച്ചിത്രം ചിത്രകലയുടെ വികാസം തന്നെയാണ്. പക്ഷേ,
    പണത്തിന് അതിന്റെ നിര്‍മ്മിതിയില്‍ വലിയ സ്ഥാനമുള്ളതിനാലും,
    മനുഷ്യനെ മറ്റേതു കലാരൂപത്തേക്കാളും വശീകരിക്കാനുള്ള ശേഷിയുള്ളതിനാലും ആ കലാരൂപം കൂട്ടിക്കൊടുപ്പുകാരാല്‍ വ്യഭിചരിക്കപ്പെടുന്നു എന്നു മാത്രം. ഭാവിയില്‍ സാങ്കേതിക വിദ്യ ചലച്ചിത്ര കലയെ
    ചിലവുകുറഞ്ഞ മാധ്യമമായി മാറ്റുകയാണെങ്കില്‍
    മനുഷ്യസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ചലച്ചിത്രകാരന്മാര്‍ക്ക്
    കച്ചവടക്കാരെ വകഞ്ഞുമാറ്റി മുന്നോട്ടുവരാന്‍ കഴിഞ്ഞേക്കാം.
    അതുവരെ നമുക്ക് മസാല സിനിമകളും,സീരിയലുകളും,റിയാലിറ്റി ഷോകളും കണ്ട് കണ്ണീര്‍ പുഴകള്‍ തീര്‍ക്കാം:)

    ഇത്രയും എഴുതാന്‍ പ്രചോദനം നല്‍കിയതില്‍ സന്തോഷം സുഹൃത്തേ...!!! ആശംസകള്‍.

    ReplyDelete
  2. ചിത്രകാരൻ സൂചിപ്പിച്ച പോലെ ഈ വിഷയത്തെ പറ്റി (ചിത്രകല, കവിത ) പിടിപാടൊന്നു മില്ലെങ്കിലും എന്തൊക്കെയോ എഴുതണമെന്ന് തോന്നിപ്പിക്കുന്ന വിശകലനം.. നന്നയിരിക്കുന്നു

    എന്റെ ബ്ലോഗിലിട്ട ഒരു കമന്റ് വഴി ആദ്യമായാണിവിടെ വരുന്നതെന്ന് തോന്നുന്നു. വരാം ഇനിയും..

    ആശംസകൾ

    ReplyDelete
  3. വിലയിരുത്തലുകള്‍ നന്നായിരിക്കുന്നു

    ReplyDelete
  4. നല്ല വിശകലനം.. തുടരുക.. ഭാവുകങ്ങള്‍ !

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം